മെയ് 27 ന് നടത്തിയ റെയിഡിൽ 20 കോടി രൂപയുടെ സാമ്പത്തിക ഇടപാട് വീണ നടത്തിയതിന്‍റെ രേഖകൾ ലഭിച്ചെന്ന അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇന്നലെ ഇഡി വാർത്താ കുറിപ്പിലൂടെ പുറത്ത് വിട്ടത്.

തിരുവനന്തപുരം: മാസപ്പടി ഇടപാടിലെ ഇന്‍റർനെറ്റ് കോളുകൾക്കായി വീണ വ്യാജ സിം കാർഡ് ഉപയോഗിച്ചെന്ന കണ്ടെത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഹമ്മദ് റിയാസിന്‍റെ സുഹൃത്തും ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറുമായ നന്ദുലാലിന്‍റെ പേരിലുള്ളതാണ് സിം കാർഡ് എന്നാണ് കണ്ടെത്തൽ. എന്നാൽ ഏത് ആവശ്യത്തിനാണ് സിം ഉപയോഗിച്ചതെന്ന് തനിക്കറിയില്ലെന്ന് നന്ദുലാൽ ഇഡിക്ക് മൊഴി നൽകി. വീണ ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന ഇഡി ഫെമ കുറ്റം ചുമത്തുന്നതും ഇഡി പരിഗണനയിലാണ്.

മെയ് 27 ന് നടത്തിയ റെയിഡിൽ 20 കോടി രൂപയുടെ സാമ്പത്തിക ഇടപാട് വീണ നടത്തിയതിന്‍റെ രേഖകൾ ലഭിച്ചെന്ന അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇന്നലെ ഇഡി വാർത്താ കുറിപ്പിലൂടെ പുറത്ത് വിട്ടത്. 85 ലക്ഷം രൂപ ദുബായിയിലേക്ക് അയച്ചതടക്കമുള്ള വിവരങ്ങളും ഇഡി ലഭിച്ചെന്ന് അവകാശപ്പെടുന്നു. ഈ വാർത്താ കുറിപ്പിലാണ് അനധികൃത സാമ്പത്തിക ഇടപാടുകൾക്കായി മറ്റൊരാളുടെ പേരിലുള്ള സിം ഉപയോഗിച്ചിരുന്നു എന്നും ഇഡി പറയുന്നത്.

കോഴിക്കോട്ടെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും റിയാസിന്‍റെ അടുത്ത സുഹൃത്തുമായ നന്ദുലാലിന്‍റ പേരിലാണ് ഈ സിം കാർഡ് എടുത്തതെന്നാണ് ഇഡി ഇപ്പോൾ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ നന്ദുലാലിന്‍റെ പ്രാഥമിക മൊഴിയും ഇഡി രേഖപ്പെടുത്തി. റിയാസും വീണയും ആവശ്യപ്പെട്ടതനുസരിച്ച് 2024 ലാണ് സിം എടുത്ത് നൽകിയതല്ലാതെ ഈ സിം ഏതൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് അറിയില്ലെന്നാണ് മൊഴി. എന്നാൽ കേരളത്തിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളിൽ ഇടപെടുന്നതിനാണ് സ്വന്തം നമ്പർ മാറ്റി ഇന്‍റർനെറ്റ് കോളുകൾക്കായി മറ്റൊരാളുടെ സിം വീണ ഉപയോഗിച്ചതെന്ന് ഇഡി വിശദീകരിക്കുന്നു.

ഇക്കാര്യത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനും സിം കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ദേശീയ ലാബിലെ സൈബർ വിദഗ്ധരുടെ സേവനമടക്കം ഇഡി തേടും. ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു എന്നത് രേഖകളിൽ വ്യക്തമായതിനാൽ എന്ത് സേവനത്തിനാണ് പണമയച്ചതെന്നും ഏത് വഴിയാണ് പണം കൈമാറിയതെന്നും ഇഡി പരിശോധിക്കുന്നു. ഇക്കാര്യത്തിൽ ഫെമ നിയമ ലംഘനം കണ്ടെത്തിയാൽ വീണയ്ക്ക് കൂടുതൽ കുരുക്കാകും. റിയാസിന്‍റെ വിദേശത്തും സ്വദേശത്തുമുള്ള വ്യവസായികളായ സുഹൃത്തുക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ചില രേഖകൾ ലഭിച്ചെന്ന് ഇഡി വ്യക്തമാക്കുന്നു. എന്തൊക്കെ രേഖകൾ പക്കലുണ്ടെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഇനിയുള്ള അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങൾ വീണയ്ക്കും റിയാസിനും നിർണായകമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming