ഇഡിക്കുവേണ്ടി നാളെ കോടതിയിൽ ഹാജരാകുക അഡീഷണൽ സോളിസിറ്റർ ജനറൽ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎൽ.
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ ഹർജിയെ ഹൈക്കോടതിയിൽ ശക്തമായി എതിർക്കാൻ ഇഡി. സമാഹരിച്ച തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കി ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ അക്രമസംഭവങ്ങളും ഡിവിഷൻ ബെഞ്ചിൽ അറിയിക്കും. അതേസമയം ദില്ലിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം രണ്ടാം ഘട്ട അന്വേഷണത്തിനുള്ള തയ്യാറെടുപ്പുകളും കൊച്ചി ഇഡി യൂണിറ്റ് പൂർത്തിയാക്കി വരികയാണ്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ അടക്കം ഹൈക്കോടതിയിൽ എത്തിച്ച് ഇഡി അന്വേഷണം തടയിടാനാണ് സി എം ആർ എൽ ശ്രമം. കേസിലെ സമാഹരിച്ച തെളിവുകളടക്കം ഹാജരാക്കി ഹർജിയെ എതിർക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനെയാകും ഇഡിയും എത്തിക്കുക. ഒരു വർഷം വിധി പറയാനായി മാറ്റി വെച്ച് ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇഡി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയത്. അതിന് തൊട്ടടുത്ത ദിവസം വീണ ടി യെ ഇഡി ചോദ്യം ചെയ്തു.
രണ്ടാം ഘട്ട അന്വേഷണത്തിലേക്ക് കടക്കാൻ പര്യാപ്തമായ തെളിവുകൾ കിട്ടിയെന്നാണ് ഇഡിയുടെ ആത്മവിശ്വാസം.എന്നാൽ സിഎംആർഎല്ലിന് അനൂകൂലമായി അന്വേഷണം ഡിവിഷൻ ബെഞ്ച് വീണ്ടും സ്റ്റേ ചെയ്താൽ ഇഡിക്ക് അത് വലിയ തിരിച്ചടിയാകും. ഇത് ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മാസപ്പടി ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കുറ്റപത്രം നൽകിയെന്ന വിവരം അധിക സത്യവാങ്മൂലം സമർപ്പിച്ചാണ് നേരത്തെ ഇഡി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ ധരിപ്പിച്ചത്.
എന്നാൽ 2024ൽ സമൻസ് അയച്ച ഘട്ടത്തിലാണ് ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്. ഈ സമയത്ത് സിഎംആർഎല്ലിനെതിരെ എഫ് ഐ ആർ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ എസ് എഫ് ഐ ഒ കുറ്റപത്രം നൽകിയതോടെ ഇഡി ക്ക് കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ വഴിയൊരുങ്ങി. എന്നാൽ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരായ വാദങ്ങൾ സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും അതിനാൽ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് സിഎംആർഎൽ ആവശ്യം.
എന്നാൽ തെളിവുകളും അന്വേഷണത്തിനിടെ നടന്ന അക്രമസംഭവങ്ങളും ഇഡി ഡിവിഷൻ ബെഞ്ചിനെ ധരിപ്പിക്കും. വാഹനങ്ങൾ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടക്കം കോടതിയിൽ ഹാജരാക്കും. എസ് എഫ് ഐ ഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിൽ അസ്വഭാവികത ഇല്ലെന്ന വാദങ്ങളടക്കം ഇഡി ഉയർത്തും. അതേസമയം എസ്എഫ്ഐഒ കുറ്റപത്രം നൽകി ഒരു വർഷം ആയിട്ടും കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങിയിട്ടില്ല. വിചാരണ നടപടികൾ ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി വിചാരണ തടഞ്ഞിരുന്നു.

