മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി.

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർ‍എൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. ഇസിഐആർ രജിസ്റ്റർ ചെയ്യാത്തത് അന്വേഷണത്തിന് തടസ്സമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം കേസ് അന്വേഷിക്കാനുള്ള അടിസ്ഥാന ക്രിമിനൽ കുറ്റമില്ലാതെയാണ് കമ്പനിയ്ക്ക് എതിരായ ഇഡി അന്വേഷണമെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു അപ്പീലിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് അഥവാ ഇസിഐആർ ഇട്ടത് നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ വാദിച്ചു. എന്നാൽ, ഇഡിയ്ക്ക് അന്വനേഷണം നടത്താൻ അടിസ്ഥാന ക്രിമിനൽ കുറ്റകൃത്യം വേണമെന്ന വാദം തള്ളിയ കോടതി സ്വത്തുക്കൾ മരവിപ്പിക്കുന്നതിനോ പ്രാഥമിക അന്വേഷണത്തിന് സമൻസ് നൽകി വിളിപ്പിക്കുന്നതിനോ ഇസിഐആർ പോലും ആവശ്യമില്ലെന്നും അത് നിയമപരമായ രേഖയല്ലെന്നും വ്യക്തമാക്കി. തുടർന്നാണ് കമ്പനി ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ തള്ളി അന്വേഷണം തുടരാൻ അനുമതി നൽകിയത്. കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ രണ്ടാഴ്ചത്തെ സാവകാശം വേണമെന്നുള്ള ആവശ്യവും അറസ്റ്റ് അടക്കമുളള്ള കടുത്ത നടപടികൾ പാടില്ലെന്നുമുള്ള ആവശ്യവും ഇതോടൊപ്പം കോടതി തള്ളി.

പൊതുജനങ്ങൾക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ രേഖകൾ കൈമാറി അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലെ വേണ്ടതെന്നും കുറ്റകൃത്യമില്ലെങ്കിൽ ക്ലീൻ ചീറ്റ് ലഭിക്കുമല്ലോയെന്നും സിഎംആർഎല്ലിനോട് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. കേസ് അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി നൽകിയതോടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ, സിഎംആർഎൽ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉടൻ നോട്ടീസ് നൽകി ഇഡി അടുത്ത നടപടികളിലേക്ക് കടക്കും. 2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ രണ്ട് കോടിയിലധികം രൂപ വീണയ്ക്കും കമ്പനിയ്ക്കുമായി കരിമണൽ കമ്പനിയിൽ നിന്ന് ഐടി സേവനങ്ങൾക്ക് എന്ന പേരിൽ നൽകിയിട്ടുണ്ട്. എന്നാൽ, എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പനി ആദ്യം അന്വേഷണം നടത്തിയ എസ്എഫ്ഐഒ കണ്ടെത്തൽ. ചെയ്യാത്ത സേവനത്തിന് നൽകിയ കോടികളിൽ നടന്ന കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News