കൊച്ചി: ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയിലെ വിധിക്ക് തൊട്ടുമുൻപ് വീണ്ടും നിയമപോരാട്ടം. ശിവശങ്കറിന്‍റെ രേഖാമൂലമുള്ള വാദത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ഇഡി രംഗത്ത് വന്നു. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വിധിക്ക് തലേദിവസം രേഖാമൂലം വാദം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ഉദ്ദേശമുണ്ടെന്ന് ഇഡി ആരോപിച്ചു.
 
കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശിവശങ്കറിന്‍റെ ശ്രമം. രേഖാമൂലം നല്‍കിയത് തുറന്ന കോടതിയില്‍ ഉന്നയിക്കാത്ത വാദങ്ങളാണ്. ഇത് കോടതി നടപടികള്‍ക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയര്‍ത്താനും ശിവശങ്കര്‍ ശ്രമിക്കുന്നു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പൂര്‍ണമായി കോടതിക്ക് ഇഡി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ ഒഴിവാക്കിയുള്ള സന്ദേശങ്ങളാണ് ശിവശങ്കര്‍ കോടതിക്ക് നൽകിയിരിക്കുന്നതെന്നും ഇഡി ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തിയിട്ടില്ല. ശിവശങ്കർ കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇഡി ആരോപിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കോടതിയില്‍ നടത്തിയ വാദങ്ങള്‍ക്ക്  പുറമേ കൂടുതല്‍  വാദങ്ങള്‍ ഇന്നലെ ശിവശങ്കര്‍  രേഖാമൂലം നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ഇഡി എതിർവാദങ്ങളുമായി രംഗത്ത് വന്നത്.

കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ രേഖാമൂലം ഉന്നയിച്ച വാദത്തിൽ പറഞ്ഞിരുന്നു. കള്ളക്കടത്തില്‍ ഒരു ബന്ധവുമില്ല. നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ല. കസ്റ്റംസ് ഓഫീസറുടെ പേര് എ‍ന്‍ഫോഴ്സ്മെന്‍റ് പുറത്ത് വിടാത്തതും ഇത് കൊണ്ട് തന്നെയെന്ന് ശിവശങ്കര്‍ ആരോപിക്കുന്നു.