കൊച്ചി: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയെ എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ശിവശങ്കറിൻ്റെ ജാമ്യഹർജിയിൽ ഇഡി ഇന്ന് എതിർസത്യവാങ്മൂലം സമർപ്പിച്ചു. 

സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷ് നടത്തി വന്ന സ്വർണക്കടത്തിനെക്കുറിച്ച് എം.ശിവശങ്കറിന് അറിവില്ലായിരുന്നുവെന്ന്  വിശ്വസിക്കാനാവില്ലെന്നും ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 

സ്വപ്ന സ്വർണം കടത്തിയും കമ്മീഷൻ വാങ്ങിയതുമെല്ലാം ശിവശങ്കർ അറിഞ്ഞിരിക്കണം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. സ്വപ്ന സുരേഷ് എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചർച്ച ചെയ്തിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. 30 ലക്ഷം രൂപ ചാർട്ടേഡ് അക്കൗണ്ടൻ്റിന് കൈമാറിയത് ശിവശങ്കറിൻ്റെ സാന്നിധ്യത്തിലായിരുന്നുവെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.