തിരുവനന്തപുരം: കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാല ബോണ്ടുകൾ വാങ്ങിയ കേരള സർക്കാർ നടപടിയെക്കുറിച്ച് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. മസാല ബോണ്ടുകൾ വാങ്ങാൻ കിഫ്ബിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഇഡി ആർബിഐയിൽ നിന്നും വിവരങ്ങൾ തേടിയെന്നാണ് സൂചന. മസാല ബോണ്ട് വാങ്ങിയ കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇതേ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

മസാല ബോണ്ടിൻ്റെ വിശദാംശങ്ങൾ തേടാനുള്ള സിഎജി നീക്കത്തെ കേരള സർക്കാർ എതിർത്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. സിഎജി എതിർപ്പിനിടയിലും ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്നും മസാലബോണ്ടുകൾ വഴി 2150 കോടി രൂപ 7.23 ശതമാനം പലിശയ്ക്ക് വാങ്ങുകയും ആ പണം വിവിധ കിഫ്ബി പദ്ധതികൾക്കായി ചിലവാക്കുകയും ചെയ്തിരുന്നു. 

ഇതിനിടെയാണ് കേന്ദ്രസ‍ർക്കാർ, ആർബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാൻ പറ്റില്ലെന്ന വാദം തങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി ഉൾപ്പെടുത്തിയത്. ഇതോടെ സിഎജിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നിരുന്നു. എന്നാൽ ആ‍ർബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. 

ഇതിനിടെയാണ് കിഫ്ബിയെക്കുറിച്ചും മസാല ബോണ്ടിനെക്കുറിച്ചും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കിഫ്ബിക്കും മസാല ബോണ്ടിനും നൽകിയ അനുമതികളെക്കുറിച്ച് ആർബിഐയിൽ നിന്നും ഇഡി വിവരങ്ങൾ തേടിയെന്നാണ് വിവരം. പ്രധാനമായും മസാല ബോണ്ടുകൾക്ക് നൽകിയ അനുമതിയെക്കുറിച്ചാണ് സംസ്ഥാന സ‍ർക്കാർ വിവരം ആരായുന്നത്. വിദേശ വിപണിയിലറങ്ങി സർക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇ‍ഡി പരിശോധിക്കുന്നത്. 

പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിലടക്കം കിഫ്ബി വഴി വൻതോതിലുള്ള വികസനപദ്ധതികൾ എത്തിയെന്നും കിഫ്ബിയുടെ ഉദ്ദേശലക്ഷ്യത്തെ ചോദ്യം ചെയ്യാനും അതിൻ്റെ ​ഗുണം ചോദ്യം ചെയ്യാനും പ്രതിപക്ഷം തയ്യാറാവുമോ എന്നുമാണ് വിമർശനം ഉന്നയിച്ചവർക്കെതിരെ ധനമന്ത്രി തോമസ് ഐസക് ചോദിക്കുന്നത്. 

സ്വർണക്കടത്ത് കേസിൽ തുടങ്ങി ലൈഫ് മിഷനിലും കെ ഫോണിലും അടക്കം സംസ്ഥാന സർക്കാരിൻ്റെ പല നിർണായക പദ്ധതികളിലും ഇപ്പോൾ കേന്ദ്രസർക്കാർ ഏജൻസികൾ പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ പിണറായി സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കിഫ്ബിയിലേക്കും അതിൻ്റെ പ്രധാന വരുമാനമാർഗമായ മസാല ബോണ്ടിലേക്കും കേന്ദ്ര ഏജൻസികൾകളുടെ അന്വേഷണം നീളുന്നത്.