മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം.
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ വീണ തൈക്കണ്ടിയിലിന് വീണ്ടും സമൻസ് അയച്ച് ഇഡി. ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് വീണ്ടും സമൻസ് നൽകിയത്. അന്വേഷണത്തിൽ നിന്ന് എത്ര ഒളിച്ചോടാൻ ശ്രമിച്ചാലും തെളിവുകൾ വീണയക്ക് എതിരാണെന്ന് എസ്എഫ്ഐഒ കേസിലെ പരാതിക്കാരൻ ഷോൺ ജോർജ് പറഞ്ഞു.
വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നൽകി ബുധനാഴ്ച വീണ്ടും ഹാജരാകാൻ സമൻസ് നൽകിയത്. തിങ്കളാഴ്ച്ചയോടെ കേസിലെ സുപ്രധാന രേഖകൾ എസ്എഫ്ഐഒ ഇഡിയ്ക്ക് കൈമാറും. സിഎംആർഎല്ലിന്‍റെ എതിർപ്പ് മറികടന്നായിരുന്നു കോടതി ഉത്തരവ്. സിഎംആർഎല്ലും വീണയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ 134 രേഖകളാണിത്. 2.78 ലക്ഷം രൂപ വേതനമായി ലഭിച്ചതിന് കരിമണൽ കമ്പനിയക്ക് വീണയുടെ കമ്പനി നൽകിയ പ്രത്യേക സേവനം എന്താണെന്നതിലാണ് വിശദീകരണം നൽകേണ്ടിവരിക. കൂടാതെ എംപവർ ഇന്ത്യ ക്യാപിറ്റൽ നൽകിയ വായ്പയിലും കൃത്യമായി ഉത്തരം വേണ്ടിവരും.
ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോകാനാണ് വീണയുടെ നീക്കമെന്നും ഇനിയും കോടതിയെ സമീപിച്ചേക്കാമെന്നും എസ്എഫ്ഐഒ കേസിലെ പരാതിക്കാരൻ ഷോൺ ജോർജ് പറഞ്ഞു. വീണയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി കരമിണൽ കമ്പനിയുടെ ഡയറക്ടർമാർ, ചീഫ് ഫിനാൻസ് ഓഫീസർ അടക്കമുള്ളവരെ ചോദ്യം ചെയ്യും. ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുരേഷ് കുമാറിന്‍റെതടക്കമുള്ള മുൻ മൊഴികൾ വീണയക്ക് എതിരാണ്.

