Asianet News MalayalamAsianet News Malayalam

'പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല'; സെൽഫ് ക്വാറന്‍റീനുമായി ആദിവാസി ഗ്രാമപഞ്ചായത്ത് ഇടമലക്കുടി

സാധനങ്ങൾ വാങ്ങാൻ കുടി വിട്ട് പുറത്ത് പോകുന്നവർ രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ വീടുകളിൽ പ്രവേശിക്കു.

Edamalakkudy Grama panchayat in self quarantine
Author
Idukki, First Published Jul 13, 2020, 8:18 AM IST

ഇടുക്കി: കൊവിഡിനെ പ്രതിരോധിക്കാൻ സെൽഫ് ക്വാറന്‍റീനുമായി ആദിവാസി ഗ്രാമപഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടി. കൊവിഡ് പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ഊരുകൂട്ടം തീരുമാനിച്ചു. സാധനങ്ങൾ വാങ്ങാൻ കുടി വിട്ട് പുറത്ത് പോകുന്നവർ രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ വീടുകളിൽ പ്രവേശിക്കു.

കൊവിഡ് മഹാമാരിയെ തങ്ങളെക്കൊണ്ടാകും വിധം പ്രതിരോധിക്കുകയാണ് സംസ്ഥാനത്തെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി. മൂന്നാറിനെ ആശ്രയിച്ചാണ് ഇടമലക്കുടിക്കാരുടെ ജീവിതം. റേഷനടക്കം സാധനങ്ങൾ എല്ലാം വരുന്നത് മൂന്നാറിൽ നിന്നാണ്. നാട്ടുകാർ കൂട്ടമായി മൂന്നാറിലേക്ക് ജീപ്പ് വിളിച്ച് പോയി സാധനങ്ങൾ വാങ്ങി വരുന്നതാണ് ഇവരുടെ രീതി. കൊവിഡ് ആശങ്ക ഒഴിയും വരെ ഇനി ഈ പതിവ് വേണ്ടെന്ന് ഊരുകൂട്ടം തീരുമാനിച്ചു. 

പകരം ഒരാൾ പോയി ആവശ്യ സാധനങ്ങൾ വാങ്ങും. അതും മൂന്നാറിനോട് അടുത്ത് കിടക്കുന്ന പെട്ടിമുടി വരെ. തുടർന്ന് മറ്റുള്ള കുടികളിലേക്ക് സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകും. സാധനങ്ങൾ കൊണ്ടുവരുന്നവർ രണ്ടാഴത്തെ നിരീക്ഷണത്തിൽ പോകണം. വനംവകുപ്പിന്‍റെ അനുമതിയുണ്ടെങ്കിലേ പുറത്ത് നിന്നുള്ളവർക്ക് ഇടമലക്കുടിയിൽ എത്താനാകു. 

കൊവിഡ് പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് കാട്ടി ഊരുകൂട്ടം വനം, പട്ടികവർഗ്ഗ ക്ഷേമവകുപ്പുകളെ സമീപിച്ചു. എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിൽ ഉള്ളത്. കൊവിഡ് മഹാമാരി ഒഴിയും വരെ കരുതൽ കർശനമായി തുടരാനാണ് ഊരുകൂട്ടത്തിന്‍റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios