മലപ്പുറം:  എടപ്പാളിൽ 11 വയസുകാരിയായ നാടോടി ബാലികയെ അതിക്രൂരമായി ആക്രമിച്ച സംഭവത്തിൽ സി പി എം ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്‍റുമായ പ്രതി സി രാഘവനെതിരെ പാർട്ടി നടപടിയില്ല.  സി രാഘവനെതിരെ പാർട്ടി നടപടിയുണ്ടാവില്ലെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. 

പാർട്ടി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റത് വീഴ്ച്ചയിലാണെന്നാണ് മനസിലാക്കിയത്. വീട്ടിലെ ആക്രി സാധനങ്ങൾ പെറുക്കുന്നത് തടയുക മാത്രമാണ് സി രാഘവൻ ചെയ്തതെന്നും ഇത് സ്വാഭാവിക നടപടിയാണെന്നും സി പി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കാൻ നിർദ്ദേശം നൽകി. പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സി.രാഘവനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊന്നാനി കോടതിയിലാണ് രാഘവനെ ഹാജരാക്കുന്നത്. ജീവൻ അപകടപ്പെട്ടേക്കാവുന്ന വിധത്തിൽ മാരകമായി അടിച്ചു പരിക്കേൽപ്പിക്കൽ അടക്കം ജാമ്യമില്ലാത്ത വകുപ്പുകളാണ് രാഘവനെതിരെ ചങ്ങരംകുളം പൊലീസ് ചുമത്തിയിട്ടുള്ളത്. ഇതിനിടെ പരിക്കേറ്റ കുട്ടിയെ  തുടർചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് വിദഗ്ധ ചികിത്സയും പരിചരണവും വേണമെന്ന പൊന്നാനി താലൂക്ക് ആശുപത്രി ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് കുട്ടിയെ മാറ്റിയത്.