തൃശൂർ എടത്തിരുത്തിയിൽ അനീഷ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അനൂപിനെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതി മറ്റ് അഞ്ച് ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
തൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച വൈകീട്ട് ഏഴു മണിയോടെ അനീഷും, അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടുമണിയോടെ അനീഷും, അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ്, അനീഷിനെ ആക്രമിക്കുകയും കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.

പ്രതിയെ പിടികൂടിയത് ബന്ധുവീട്ടിൽ നിന്ന്
കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടിയത്. അനൂപ് കയ്പമംഗലം, മതിലകം, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ് എച്ച് ഒ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
