തിരുവനന്തപുരം: ഷെഹ്‍ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിക്കാനിടയായ സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂള്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ളതാണെന്ന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.  ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞ പ്രസ്താവനയാണ് മന്ത്രി തിരുത്തിയത്. 

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതാണ്. നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്‍റെ പണി ഉടന്‍ ആരംഭിക്കുമെന്നും ക്ലാസ്മുറികളിലെ കുഴികള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. 

എന്നാല്‍ തനിക്ക് തെറ്റ് പറ്റിയതാണെന്നും സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയുടെ അധീനതയിലാണെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചത്. ഇന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ബത്തേരി നഗരസഭയുടെ കീഴിലാണ് സ്കൂളെന്ന് പറഞ്ഞതിന് ശേഷമാണ് മന്ത്രിയുടെ തിരുത്ത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ...

ബത്തേരി സർവ്വജന സ്കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി മുഖേന ഒരു കോടി രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള എസ്.പി.വി. ആയി ‘കില’യെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ പത്ര സമ്മേളനത്തിൽ സ്കൂൾ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണെന്ന് പരാമർശിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമായ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ. പിശക് പറ്റിയതിൽ ഖേദിക്കുന്നു.