'ഒരു കുട്ടിയേയും പുറന്തള്ളുക നയമല്ല, ചേർത്ത് പിടിക്കലാണ് സംസ്കാരം'; വിദ്യാർഥിയുടെ വീഡിയോ പുറത്തായതിൽ അന്വേഷണം

'സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും ഒട്ടും ശരിയല്ല. ഈ സാഹചര്യത്തിലാണ് എല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്'

education minister v sivankutty seeks report on palakkad plus one student video leaked incident

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ‌ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ‌കുട്ടി റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. നിലവിലുള്ള ഉത്തരവ് പ്രകാരം ക്ലാസ്സ് മുറിയിലേക്ക് മൊബൈൽ ഫോൺ കൊണ്ടു വരാൻ അനുവാദമില്ല. അതുകൊണ്ട് തന്നെ അധ്യാപകർ ചെയ്തത് നിലവിലുള്ള ഉത്തരവ് പാലിക്കുക എന്നതാണ്. സാധാരണ രീതിയിൽ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഏഴ് ലക്ഷത്തിലധികം കുട്ടികൾ പ്ലസ് വൺ, പ്ലസ് ടു തലങ്ങളിലായി കേരളത്തിലെ വിദ്യാലയങ്ങളിൽ ഉണ്ട്. അതിൽ അപൂർവ്വമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ പൊതുപ്രവണതയായി ഈ ഘട്ടത്തിൽ കാണേണ്ടതില്ല. അഭികാമ്യം അല്ല എന്ന് ഇപ്പോഴത്തെ മുതിർന്നവർ കരുതുന്ന കാര്യങ്ങൾ ചെയ്താൽ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല.  അതാണ് ഓരോ സമൂഹത്തിന്റെയും പരിവർത്തനങ്ങളിൽ നിന്ന് നാം പഠിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. 

കുട്ടികൾ പല കാരണങ്ങളാൽ പല തരത്തിലുള്ള സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും വിധേയമാകുന്നുണ്ട്. അത് വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല. അത് സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്. കുട്ടികൾ ഈ പ്രായത്തിൽ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങൾ വീട്ടിലും സമൂഹത്തിലും വിദ്യാലയങ്ങളിലും കുറഞ്ഞു വരുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം പരീക്ഷയുടെ വിജയമായി മാത്രം പരിമിതപ്പെടുത്തരുത്. 

ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ  വരുന്ന  പല ദൃശ്യങ്ങളിലും കാണുന്ന അക്രമ രംഗങ്ങൾ കുട്ടികളിൽ എന്ത് സ്വാധീനം ചെലുത്തുന്നു തുടങ്ങിയ കാര്യങ്ങൾ കുട്ടികളുടെ മന:ശാസ്ത്രം കൂടി പരിഗണിച്ച് പഠിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും വൈകാരിക പ്രകടനങ്ങൾ അടക്കം പരിഗണിച്ചുകൊണ്ട് സ്‌കൂൾ സംവിധാനത്തിനകത്ത് മെന്ററിംഗ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇത് കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. കുട്ടികളെ ശിക്ഷിച്ച് മാത്രം പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്‌നങ്ങൾ. എന്നാൽ ഇക്കാര്യം നമ്മൾ അഭിമുഖീകരിച്ചേ പറ്റൂ. 

ഇതിനുള്ള സാമൂഹിക അന്തരീക്ഷം വളർത്തി എടുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ വേണ്ടതുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രചരിപ്പിക്കുന്നതും ഒട്ടും ശരിയല്ല. ഈ സാഹചര്യത്തിലാണ് എല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. ഒരു കുട്ടിയേയും പുറന്തള്ളുക എന്നുള്ളത് നമ്മുടെ നയമല്ല. ചേർത്ത് പിടിക്കലാണ് നമ്മുടെ സംസ്കാരം. കേരളം വിദ്യാഭ്യാസ കാര്യത്തിൽ പ്രഥമ ശ്രേണിയിൽ എത്തിയത് ഈ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കൂടിയാണ്- മന്ത്രി വ്യക്തമാക്കി.

Read More :  വിദ്യാർത്ഥിയുടെ വീഡിയോ പക‍ർത്തിയത് അച്ഛന് അയക്കാനെന്ന് ആനക്കര സ്കൂൾ പ്രിൻസിപ്പൽ; 'ചോർന്നത് സ്‌കൂളിൽ നിന്നല്ല'

Latest Videos
Follow Us:
Download App:
  • android
  • ios