വേടനെ പോലെയുള്ളവർക്ക് അന്താരാഷ്ട്ര വേദികളിൽ അവസരങ്ങൾ ലഭിച്ചാൽ അത്തരം അവസരങ്ങൾ നിഷേധിക്കപ്പെടരുതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: റാപ്പർ വേടനെതിരായ സംഘപരിവാർ നീക്കങ്ങൾ നവോത്ഥാന കേരളത്തിൽ വിലപ്പോവില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നാല് വർഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോൾ വേട്ടയാടൽ നടക്കുന്നത്. പേരിന്റെ അടിസ്ഥാനത്തിലോ പാട്ടിന്റെ ഉള്ളടക്കത്തിന്റെ പേരിലോ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾ വേടനെതിരെ നിരന്തരം നടക്കുന്നുണ്ട്.

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മഹാത്മാ അയ്യങ്കാളിയും ജീവിച്ച, സാമൂഹിക നീതി ഉയർത്തിപ്പിടിച്ച മണ്ണ് ആണ് ഇത്. ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണിൽ അംഗീകരിക്കപ്പെടില്ല. കലാകാരൻമാരുടെ ആശയ സ്വാതന്ത്ര്യത്തിന് വേണ്ടി പുരോഗമന കേരളം എന്നും നിലകൊള്ളും. ഉയർന്നുവരുന്ന കലാകാരനായ വേടനെ പോലെയുള്ളവർക്ക് അന്താരാഷ്ട്ര വേദികളിൽ അവസരങ്ങൾ ലഭിച്ചാൽ അത്തരം അവസരങ്ങൾ നിഷേധിക്കപ്പെടരുതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ വ്യക്തമാക്കി. വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടന്‍റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാൽ വേടന് വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. 

അതേസമയം തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. പക്ഷെ ആർഎസ്എസിൻ്റെ ഈ ഭീഷണിയെ താൻ കാര്യമാക്കുന്നില്ല. സാമൂഹ്യ മാധ്യമത്തിലൂടെ ആക്രമണം തുടരുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള എംപി തോൽ തിരുമാവളവൻ തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് പിന്തുണ അറിയിച്ചിരുന്നുവെന്നും റാപ്പർ വേടൻ കൊച്ചിയിൽ പ്രതികരിച്ചു.