Asianet News MalayalamAsianet News Malayalam

'സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും'; ശിവന്‍കുട്ടിയെ ട്രോളി റബ്ബും, വിദ്യാഭ്യാസ മന്ത്രിക്ക് വ്യാപക ട്രോള്‍

ഇതിന്‍റെ വീഡിയോ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടപ്പോഴാണ് ഈ സംഭവത്തെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെഅബ്ദുറബ്ബ് രംഗത്ത് എത്തിയത്.

Educationa minister v sivankutty face trolls after remarks on number of indian states
Author
Thiruvananthapuram, First Published Oct 8, 2021, 9:11 PM IST

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് ( V Sivankutty ) പത്രസമ്മേളനത്തില്‍ പറ്റിയ അമളിയെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് (P.K. Abdu Rabb). സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത്  നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവില്‍ സ്കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ സംശയം.

മന്ത്രിയുടെ വാര്‍ത്ത സമ്മേളനം

ഇതിന്‍റെ വീഡിയോ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടപ്പോഴാണ് ഈ സംഭവത്തെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെഅബ്ദുറബ്ബ് രംഗത്ത് എത്തിയത്.ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും,  8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടും എന്ന ക്യാപ്ഷനില്‍ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് മുന്‍ മന്ത്രി നല്‍കിയിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും ചേര്‍ത്തിട്ടുണ്ട്. വി ശിവന്‍കുട്ടിക്ക് ഒരു മറുപടി എന്ന നിലയിലാണ് ട്രോള്‍ എന്ന് വ്യക്തം.

അതേ സമയം തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ സംസ്ഥാനങ്ങളുടെ എണ്ണത്തെ ട്രോളി മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും രംഗത്ത് എത്തിയിട്ടുണ്ട്. അബ്ദുറബ്ബായിരുന്നേൽ ഒരു വിറ്റുണ്ടായിരുന്നു എന്ന് പരിഹസിച്ചാണ് മന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ ദൃശ്യം പികെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്. 

സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പുകളിലും മന്ത്രിയുടെ പരാമര്‍ശം വലിയതോതില്‍ ട്രോളും ചര്‍ച്ചയും ആകുന്നുണ്ട്. മന്ത്രിക്കും 'സ്കൂള്‍ പ്രവേശനം' ആകാമെന്ന രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. എന്നാല്‍ മന്ത്രി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ത്താണ് പറഞ്ഞത് എന്ന ന്യായീകരണമാണ് ഇടത് അണികള്‍ സോഷ്യല്‍ മീഡിയയില്‍‍ നടത്തുന്നത്.

Follow Us:
Download App:
  • android
  • ios