തിരുവനന്തപുരം: വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി തക്കല നുറൂൽ ഇസ്ലാം കോളേജിലെ വിദ്യാർത്ഥികൾ രംഗത്ത്. മെഡിക്കൽ കോഴ്സെന്ന പേരിൽ ടെക്നിക്കൽ കോഴ്സിന് പ്രവേശനം നൽകി പറ്റിച്ചെന്നാണ് ആരോപണം.

ബിഎസ്‍സി പെർഫ്യൂഷൻ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി, റെനൽ ഡയാലിസിസ് ടെക്നോളജി എന്നീ കോഴുസകളിലെ രണ്ടാം വർഷ, മൂന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 

അലൈഡ് സയൻസ് വിഭാഗത്തിലാണ് ഈ കോഴ്സുകളെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതി. എന്നാൽ ടെക്നിക്കൽ വിഭാഗത്തിൽ കോഴ്സ് നടത്താനുള്ള യുജിസി അനുമതി മാത്രമേ കോളേജിനുള്ളൂ എന്ന് വിദ്യാർത്ഥികൾ പറയുന്നു.

കോളേജിന്റെ സഹോദര സ്ഥാപനമായ നിംസ് മെഡ്സിറ്റി നൽകിയ പരസ്യം വഴിയാണ് കോളേജിലേക്ക് എത്തിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. പ്രാക്ടിക്കൽ ക്ലാസുകൾ നിംസിലായിരുക്കുമെന്നായാരിന്നു അറിയിപ്പ്. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും നിംസിൽ കാര്യമായ പരിശീലനം കിട്ടിയില്ലെന്നാണ് ആക്ഷേപം.

എന്നാൽ കൽപിത സർവകലാശാലയായതിനാൽ കോഴ്സുകൾക്ക് ഉണ്ടാകാവുന്ന ഘടനാ വ്യത്യാസമാണ് ആശയക്കുഴപ്പത്തിന് കാരണം എന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. കോഴ്സുകൾക്ക് യുജിസിയുടെയും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയും അംഗീകാരമുണ്ടെുന്നും എംഡി പ്രതികരിച്ചു.  എന്നാൽ അംഗീകാരമുള്ള മറ്റൊരു കോളേജിലേക്ക് തങ്ങളെ മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.