തിരുവനന്തപുരം: വിഴിഞ്ഞത്ത് പട്ടാപ്പകൽ യുവാവിനെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച ഗുണ്ടാസംഘം അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി ഫൈസലിനാണ് ക്രൂരമായി മർദ്ദനമേറ്റത്. കേസിൽ എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നാട്ടുകാർ നോക്കി നിൽക്കേയാണ് എട്ടംഗം സംഘം ഫൈസലിനെ ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. മർദ്ദനത്തെ തുടർന്ന് അവശനായ ഫൈസലിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് സംഘം കടന്നു. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഗുണ്ടാസംഘം യുവാവിനെ കെട്ടിയിടുന്നതും മർദ്ദിക്കുന്നതും വ്യക്തമാണ്.

ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് വിഴിഞ്ഞം പൊലീസ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ ഷാഫി, ആഷിക്ക്, അജ്മൽ, സുജിൽ, ഫിറോസ്, കണ്ണൻ, ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഷാഫിയെ ഒരാഴ്ച മുമ്പ് മറ്റൊരു സംഘം മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ ഫൈസലിൻറെ സുഹൃത്തുക്കളാണ് ഈ കേസിലെ പ്രതികള്‍.

ഇതിനു പകരമായാണ് ഫൈസലിന് നേരെയുണ്ടായ ആക്രണമെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെ ലഹരി മാഫിയുമായി ബന്ധമുള്ള സംഘാംഗങ്ങളുടെ അടുത്ത സുഹത്തുക്കളാണ് ഇപ്പോള്‍ പിടിയിലായവരെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. കൊടിമരത്തിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതിന് ഡിവൈഎഫ്ഐ ലോക്കൽ സെക്രട്ടറിയും പ്രതികള്‍ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.