Asianet News MalayalamAsianet News Malayalam

പേ വിഷബാധയേറ്റത് ആരുമറിഞ്ഞില്ല; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാല്‍ മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പേവിഷ ബാധയേറ്റതായിരിക്കാമെന്ന സംശയമുണ്ടായത്.

eight years old boy died after rabies
Author
Thiruvananthapuram, First Published May 11, 2019, 8:51 AM IST

തിരുവനന്തപുരം: പേ വിഷ ബാധയേറ്റ എട്ടുവയസ്സുകാരന് ദിവസങ്ങള്‍ക്ക് ശേഷം ദാരുണാന്ത്യം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാല്‍ മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പേവിഷ ബാധയേറ്റതായിരിക്കാമെന്ന സംശയമുണ്ടായത്.

തുടര്‍ന്ന് ആദ്യമെത്തിച്ച ആശുപത്രി അധികൃതര്‍ വിദഗ്ദ ചികിത്സ ലഭ്യമാകുന്ന മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞെങ്കിലും വാഹന സൗകര്യം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ കുട്ടിയെ വീട്ടിലേക്ക് തന്നെ കൊണ്ടു പോയി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുട്ടിമരിച്ചു. വെമ്പായം തലയല്‍ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക്. 

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. മുറിവുകളോ മറ്റ് അടയാളങ്ങളോ ഒന്നും ശരീരത്തുണ്ടായിരുന്നില്ല. രോഗ കാരണം മനസ്സിലാകാത്ത ബന്ധുക്കള്‍ കുട്ടിയെ സമീപത്തെ ഒരാളില്‍നിന്ന് നൂല്‍ ജപിച്ചു കെട്ടി. എന്നാല്‍, രാത്രി മുതല്‍ കുട്ടി പേവിഷ ബാധയേറ്റ അടയാളങ്ങള്‍ പ്രകടമാക്കി തുടങ്ങി. വെളിച്ചം കണ്ടാല്‍ ഭയക്കുകയും തുറിച്ചു നോക്കുകയും വിറയ്ക്കുകയും ചെയ്തു.

ആദ്യം നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പനിക്കുള്ള മരുന്ന് നല്‍കി തിരിച്ചയച്ചു. വ്യാഴാഴ്ചയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കന്യാകുളങ്ങളെ സിഎച്ച്സിയില്‍ എത്തിച്ചു. അവിടെയുള്ള ഡോക്ടറാണ് പേവിഷ ബാധയേറ്റതാണെന്ന സംശയം പ്രകടിപ്പിച്ചതും എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതും. 

പ്രദേശ വാസികളില്‍ നിരവധി പേര്‍ നായ്ക്കളെ വളര്‍ത്തുന്നതായി ആരോഗ്യസംഘം കണ്ടെത്തി. മരിച്ച കുട്ടിയുടെ വീട്ടിലെ നായ ഒരു മാസം മുമ്പ് കാരണങ്ങളൊന്നുമില്ലാതെ ചത്തിരുന്നു. സമീപ ദിവസം പേവിഷ ബാധയേറ്റ അയല്‍വക്കത്തെ വീട്ടിലെ നായയെ തല്ലിക്കൊന്നുവെന്നും നാട്ടുകാര്‍ അറിയിച്ചു. മരിച്ച കുട്ടിക്ക് പേനായയില്‍നിന്ന് രണ്ട് മാസം മുമ്പെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

നായയുടെ ഉമിനീരില്‍നിന്നാകാം ബാധയേറ്റതെന്നും അധികൃതര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. 

Follow Us:
Download App:
  • android
  • ios