എക്സ് റേ, സി ടി സ്കാൻ പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നാണ് വിവരം. മറ്റ് പരിശോധനകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ തുടരുകയാണ്.

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. എക്സ് റേ, സി ടി സ്കാൻ പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നാണ് വിവരം. മറ്റ് പരിശോധനകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ തുടരുകയാണ്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.

കേസില്‍ പരസ്പരവിരുദ്ധമായിട്ടാണ് പ്രതി ഷാറൂഖ് സെയ്ഫി മൊഴികൾ നൽകിയിരിക്കുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കുറെക്കുടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്‍റെ നീക്കം.

Also Read: പ്രേരണയുണ്ടായെന്ന് മഹാരാഷ്ട്ര എടിഎസിനോട്, കുബുദ്ധിയെന്ന് പൊലീസിനോട്; പരസ്പരവിരുദ്ധ മൊഴി നൽകി ഷാറൂഖ്

അതേസമയം, ട്രെയിനിലെ തീവയ്പ്പിന് തീവ്രവാദ ബന്ധം ഉണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡിജിപി അനിൽ കാന്ത്. പ്രതി കുറ്റം സമ്മതിച്ചോ എന്ന് ഇപ്പോൾ പറയാനാകില്ല. യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുക വിശദമായി ചോദ്യംചെയ്ത ശേഷം മാത്രമെന്നും ഡിജിപി പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നത് വൈദ്യപരിശോധനയ്ക്ക് ശേഷമെന്ന് ‍ഡിജിപി അനിൽ കാന്ത്.

Also Read: 'ട്രെയിൻ തീവയ്പ്പിന് പിന്നിൽ ഒരാളാണോയെന്ന് ഉറപ്പിക്കാനായിട്ടില്ല, തീവ്രവാദ ബന്ധവും ഇപ്പോൾ പറയാനാകില്ല': ഡിജിപി