എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ തീവെപ്പുണ്ടായ സംഭവത്തോടെ സംസ്ഥാനത്തെ ട്രെയിനുകളിൽ യാത്രക്കാർക്ക് ഭീതി ഉയർന്നിട്ടുണ്ട്

കോഴിക്കോട്: എലത്തൂരിൽ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അനിൽ കുമാറിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. അനിൽ കുമാറിന് 35 ശതമാനം പൊള്ളലേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പ്രകാശൻ ആശുപത്രി വിട്ടു. ആക്രമണത്തിന് ഇരയായവരിൽ ഏഴ് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

അതേസമയം കേസിലെ പ്രതി നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിക്കായി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലടക്കം വ്യാപകമായി പരിശോധന നടത്തി. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. സംഭവം ആസൂത്രിതമെന്നും പോലീസിന് വിലയിരുത്തൽ ഉണ്ട്. അക്രമം നടന്ന ട്രെയിനിലെ രണ്ടു ബോഗികളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.

സംഭവം ട്രെയിൻ യാത്രയിൽ സുരക്ഷാ ഭീതി ഉയരാൻ കാരണമായിട്ടുണ്ട്. പല യാത്രക്കാരും ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിലെ കംപാർട്ട്മെന്‍റിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കില്‍ അക്രമം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാരടക്കം പറയുന്നു. ട്രെയിനിൽ സൗമ്യ അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് എലത്തൂരിലെ അക്രമം തെളിയിക്കുന്നതായും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്.