സുല്‍ത്താന്‍ബത്തേരി വടക്കനാട് സ്വദേശിനിയായ തങ്കി എന്ന വയോധികയെ കാണാതായി. ബന്ധുവീട്ടിലുണ്ടാകുമെന്ന ധാരണയിൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരോധാന വിവരം പുറത്തറിയുന്നത്. പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് ഡ്രോണും പോലീസ് നായയേയും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്.

സുല്‍ത്താന്‍ബത്തേരി: വടക്കനാട് പള്ളിവയലിലെ പണിയ ഉന്നതിയിലെ വയോധിക തങ്കിയെ കാണ്മാനില്ല. ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.വീടിന് സമീപത്തെ ബന്ധുവീട്ടിലെ മരണാനാന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതാകുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. നാട്ടുകാരുമായി സഹകരിച്ച് പോലീസും വനംവകുപ്പും തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ മാസം മുപ്പതാം തീയ്യതി മുതലാണ് തങ്കിയെ കാണാനില്ലെന്ന കാര്യം ബന്ധുക്കള്‍ മനസിലാക്കുന്നത്. കാണാതായി ദിവസങ്ങള്‍ പിന്നിട്ടെങ്കിലും വയോധിക എവിടേക്ക് പോയെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.

വൃദ്ധ തനിച്ച് താമസിക്കുന്നതിനാല്‍ വീട്ടിലുണ്ടാകുമെന്ന ധാരണയിലായിരുന്നു കുറച്ച് അകലെ കുപ്പാടി എന്ന പ്രദേശത്ത് താമസിക്കുന്ന മകള്‍ വസന്തയും മറ്റു ബന്ധുക്കളും. ഉന്നതിയില്‍ നിന്ന് അരകിലോമീറ്ററിലേറെയുള്ള ബന്ധുവീട്ടില്‍ കഴിഞ്ഞയാഴ്ച അടിയന്തര ചടങ്ങ് നടന്നിരുന്നു. അവിടെയുണ്ടെന്ന ധാരണയിലായിരുന്നു ഉന്നതിയിലുളളവര്‍. എന്നാല്‍ എല്ലാവരും മടങ്ങിയെത്തിട്ടും തങ്കിയെ മാത്രം കണ്ടില്ല. ഈ വിവരം ഞായറാഴ്ചയോടെയാണ് എല്ലാവരും അറിയുന്നത്. തിങ്കളാഴ്ച മകള്‍ വസന്ത എത്തി സുല്‍ത്താന്‍ ബത്തേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും വനംവകുപ്പും സംയുക്തമായാണ് തങ്കിയുടെ വീടിന് സമീപത്തെ തോട്ടങ്ങളിലും മറ്റും തിരച്ചില്‍ നടത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പോലീസ് നായയെയും ഡ്രോണുമെല്ലാം എത്തിച്ചായിരുന്നു തിരച്ചില്‍. എന്നാല്‍ വയോധികയെ വൈകുന്നേരം വരെ കണ്ടെത്താനായിട്ടില്ലെന്ന് പ്രദേശത്തെ ജനപ്രതിനിധികള്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടക്കും.