ഒരു വർഷം മുൻപാണ് ഇവരുടെ മകൻ സിജോയ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
കൊച്ചി: വൈപ്പിനിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ താലൂക്ക് ആശുപത്രിക്കു വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (73), ഭാര്യ സബിത (64) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മകന്റെ മരണത്തെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഏകദേശം ഒരു വർഷം മുൻപാണ് ഇവരുടെ മകൻ സിജോയ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തണമെന്ന് സഞ്ജീവ് ഒരു ബന്ധുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധു വിവരം അയൽവാസിയെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന സഞ്ജീവ് നാട്ടിലെത്തിയശേഷം മറൈൻ വർക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷങ്ങൾക്ക് മുൻപാണ് വിരമിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുരുക്കുംപാടം പൊതുശ്മശാനത്തിൽ നടക്കും. മകൾ: നിജിഷ.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


