കൊച്ചി: സിപിഐയുടെ എറണാകുളം ഐജി ഓഫീസ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന ഡിജിപിയുടെ തീരുമാനത്തിന് മറുപടിയുമായി എല്‍ദോ എബ്രഹാം എംഎല്‍എയും പി രാജുവും. സര്‍ക്കാരിന്‍റെ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്നായിരുന്നു പി രാജുവിന്‍റെ പ്രതികരണം. 

അതേസമയം റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ഗവണ്‍മെന്‍റ് തീരുമാനത്തിനായി കാത്തിരിക്കാമെന്നുമായിരുന്നു എല്‍ദോ എബ്രഹാം എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും കളക്ടര്‍ സമര്‍പ്പിക്കുക എന്ന പ്രതീക്ഷയാണ് ഉള്ളതെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. 

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ  ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു ഡിജിപി അറിയിച്ചത്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന് ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. പതിനെട്ട് സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി  റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.