Asianet News MalayalamAsianet News Malayalam

'മസാലദോശയും ചമ്മന്തിയുമില്ല, ആർഭാടമില്ലാത്ത മാമോദീസ'; സിപിഐ ജില്ലാ നേതൃത്വത്തിന് പരോക്ഷ പരിഹാസവുമായി എൽദോ

മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ഫേസ്ബുക്കിൽ കുറിച്ചത്. മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പാർട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തൽ. 

eldo abraham indirectly mocks cpi ernakulam district leadership on facebook post
Author
Thiruvananthapuram, First Published Sep 16, 2021, 5:38 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് മുൻ എംഎൽഎ എൽ​ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആർഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എൽദോ ഫേസ്ബുക്കിൽ കുറിച്ചത്. മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പാർട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തൽ. 

എൽദോയുടെ ആർഭാട വിവാ​ഹം മൂവാറ്റുപുഴയിലെ എൽഡിഎഫ് തോൽവിക്ക് കാരണമായെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തൽ. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവാണ് ഈ കണ്ടെത്തൽ സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ അവതരിപ്പിച്ചത്. വിവാഹ നടത്തിപ്പിന് നേതൃത്വം നൽകിയ നേതാവ് തന്നെ വിമർശനമുന്നയിച്ചപ്പോൾ യോഗത്തിൽ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ നൽകിയത്. അന്ന് വിവാഹത്തിന്‍റെ കാർമ്മികരിൽ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്‍റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നൽ ഉണ്ടായില്ലേ എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ മറുപടി.

Read Also: മൂവാറ്റുപുഴയിലെ തോൽവിക്ക് എംഎൽഎയുടെ ആഡംബര വിവാഹം കാരണമായെന്ന് സിപിഐ ജില്ലാ സെക്രട്ടറി: വിമർശനവുമായി കാനം

എൽദോ എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ്....

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....
ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....

ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈൻ എന്നാൽ "സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ " ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും. എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ... മാലാഖ.... പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി.....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios