പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചുവെന്നും ഈ ഫോൺ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നുമാണ് ഭാര്യയുടെ പരാതി.

കൊച്ചി: എൽദോസ് കുന്നപ്പിള്ളിലിനെതിരെ പീഡന പരാതിയുന്നയിച്ച അധ്യാപികക്കെതിരെ ഭാര്യ രംഗത്ത്. പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചുവെന്നും ഈ ഫോൺ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നുമാണ് ഭാര്യയുടെ പരാതി. പെരുമ്പാവൂർ കുറുപ്പംപടി പൊലീസിലാണ് ഭാര്യ പരാതി നൽകിയത്. അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണെന്നും പരാതിയിലുണ്ട്.

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിലിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചത്. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പീഡനപരാതി: 'ധാര്‍മ്മികത അനുസരിച്ച് കോണ്‍ഗ്രസ് തീരുമാനം എടുക്കെട്ട'; സിപിഎം നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദൻ

എന്നാൽ അതേ സമയം, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ പീഡന മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്നാണ് പരാതിക്കാരി ഇന്ന് വാ‍ര്‍ത്താ സമ്മേളനത്തിൽ അറിയിച്ചത്. പരാതി ഒതുക്കിത്തീർക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. 

'എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു': യുവതി

പെരുമ്പാവൂർ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി. വിവാദം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ യുവതി, മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതൽ എൽദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

'മദ്യപിച്ച് ലക്ക് കെട്ട് ഉപദ്രവിച്ചു. മറ്റ് സ്ത്രീകളുമായി ബന്ധവുമുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ പിൻമാറാൻ ശ്രമിച്ചു. പക്ഷെ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും എൽദോസ് പിൻതുടര്‍ന്നു. കഴിഞ്ഞ 14 ന് കോവളത്ത് വച്ച് പരസ്യമായി മർദ്ദിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. കഴിഞ്ഞ 29 ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കോവളം പൊലീസ് കേസെടുത്തില്ല. ഒത്തുതീര്‍പ്പിനാണ് സ്റ്റേഷൻ ഓഫീസര്‍ ശ്രമിച്ചത്. ഈ മാസം ഒൻപതിന് വീട്ടിലെത്തിയ എൽദോസ് കുന്നപ്പള്ളി ഭീഷണിപ്പെടുത്തി കോവളം എസ്എച്ച്ഒ യുടെ മുന്നിലെത്തിച്ച് പരാതി പിൻവലിച്ചെന്ന് പറയാൻ നിര്‍ബന്ധിച്ചു. അഭിഭാഷകന്റെ മുന്നിൽ വച്ചാണ് പണം വാഗ്ദാനം ചെയ്തത്'. ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. 

'എൽദോസ് കുന്നപ്പിള്ളി മദ്യപാനി, മർദ്ദനം പതിവ്': പൊലീസിനെതിരെ അടക്കം ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി