കൊച്ചി: പരിക്ക് പറ്റിയ ആ എല്‍ദോ താനല്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി. കൊച്ചിയില്‍ നടന്ന പൊലീസ് നടപടിയില്‍ എംഎല്‍എ എല്‍ദോയ്ക്ക് പരിക്ക് പറ്റിയ വാര്‍ത്ത വന്നതോടെ ഫോണ്‍ വിളികള്‍ തുരുതുരാ എത്തിയതോടെയാണ് പരിക്കേറ്റത് തനിക്കല്ല സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമാണ് എന്ന് വ്യക്തമാക്കി പെരുമ്പാവൂർ എംഎല്‍എയ്ക്ക് ഫേസ്ബുക്ക് കുറിപ്പിടേണ്ടി വന്നത്. 

കൊച്ചിയിൽ സിപിഐ മാർച്ചിനെതിരായ പൊലീസ് നടപടിയില്‍ മൂവാറ്റുപുഴ എംഎൽഎ എൽദോ അബ്രഹാം അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. എൽഎൽഎയുടെ പുറത്താണ് ലാത്തിയടിയേറ്റത്. സിപിഐ മാര്‍ച്ചില്‍ പ്രകോപനമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടതെന്നും കൊടിയുടെ നിറം നോക്കിയല്ല സിപിഐ സമരത്തിനിറങ്ങുന്നതെന്നും ഭരണപക്ഷത്തിരിക്കുമ്പോളും സമരം ചെയേണ്ട അവസ്ഥയാണെന്നും എൽദോ എബ്രഹാം പൊലീസ് നടപടിക്ക് പിന്നാലെ രൂക്ഷമായി പ്രതികരിച്ചിരുന്നു. 

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പോലീസ് അതിക്രമത്തിൽ പരുക്കേറ്റ എംഎൽഎയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്‍റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പോലീസ് മർദ്ദനത്തിനിരയായ ആ എൽദോ ഞാനല്ല, സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു ഫോണിൽ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി.