ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റിയെന്ന് തെളിഞ്ഞതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റിയെന്ന് തെളിഞ്ഞതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്‍റെ ട്വീറ്റിന് ഫാക്ട്ചെക്ക് എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചത്. 2025 ജൂൺ 24ന് എസ്ഐആറിനായി കമ്മീഷൻ ഇറക്കിയ ഉത്തരവ് ഏകകണ്ഠമായിരുന്നു എന്നും ഗ്യാനേഷ് കുമാർ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നുമാണ് വിശദീകരണം. ഫോം സിക്സിന് ഒപ്പമുള്ള സത്യപ്രസ്താവന ആ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും ഇത് സുപ്രീംകോടതി അംഗീകരിച്ചു എന്നു മാത്രമാണ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടിയതെന്നും കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ വർഷം മേയിൽ കോടതി ബംഗാളിലെ അടക്കം എസ്ഐആർ അംഗീകരിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഫോം സിക്സിനൊപ്പമുള്ള സത്യപ്രസ്താവനയെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.



