എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

തിരുവനന്തപുരം: തദ്ദശ തെരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‍കരന്‍. എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാനാകുമെന്നും ഇക്കാര്യത്തില്‍ ഒരാശങ്കയും വേണ്ടെന്നാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ തപാല്‍ ബാലറ്റ് കൂടി ഏര്‍പ്പെടുത്തിയെന്നും വി ഭാസ്‍കരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏകദേശം അമ്പതിനായരത്തോളം പേർ തപാൽ വോട്ടിന് കാത്തിരിക്കുന്നുണ്ടെങ്കിലും പതിനായിരത്തോളം പേരുടെ വോട്ട് മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗസ്ഥർക്ക് വീട്ടിലെത്തി ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഉദ്യോഗസ്ഥർക്ക് വീടുകളിലേക്കോ ആശുപത്രിയിലേക്കോ എത്താൻ കഴിഞ്ഞില്ലെങ്കിൽ വോട്ട് ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തപാലിൽ അയയ്ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്ക്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്ന് ബാലറ്റ് പ്രിന്‍റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാലിൽ അയക്കാം. വോട്ട് പാഴാകുമെന്ന ആശങ്ക വേണ്ട. വോട്ടെണ്ണൽ ദിനമായ 16 ന് രാവിലെ 8 വരെ എത്തുന്ന തപാൽ വോട്ടുകൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബദൽ മാർഗം എന്ന കളക്ടറുടെ അപേക്ഷ കൂടി കണക്കിലെടുത്താണ് ഉദ്യോഗസ്ഥർ ബാലറ്റുകൾ വീടുകളിലെത്തിച്ച ശേഷം വോട്ട് രേഖപ്പെടുത്തി പിന്നീട് തപാലിൽ അയച്ചാൽ മതിയെന്ന് നിർദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.