തിരുവനന്തപുരം: സംസ്ഥാനത്ത് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകൾ കര്‍ശന നിയന്ത്രണങ്ങളോട് കൂടി പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഇതിനായി കൂടുതൽ സജ്ജീകരണങ്ങളൊരുക്കും. 1000 വോട്ടര്‍മാരെ മാത്രമാകും ഒരു പോളിങ് ബൂത്തില്‍ അനുവദിക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പൊതുയോഗങ്ങളില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകളെ മാത്രമേ അനുവദിക്കൂ. 

അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഭവനസന്ദര്‍ശനത്തിന് ഇറങ്ങാന്‍ പാടില്ല. കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം ഒരുക്കും. വയോധികര്‍ക്കായി പ്രത്യേക ക്യൂ സജ്ജീകരിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ചവറയും കുട്ടനാടും പട്ടികയിൽ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷത്തിൽ കൂടുതൽ ബാക്കിയുള്ളപ്പോഴാണ് ചവറയിലും കുട്ടനാട്ടിലും ഒഴിവ് വന്നത്. ഭരണഘടനാപരമായി ഇത് നികത്താനുള്ള ബാധ്യത കമ്മീഷനുണ്ട്. എന്നാൽ  കൊവിഡ് സാഹര്യവും നിയമസഭയ്ക്ക് 8 മാസം കാലാവധി മാത്രം ബാക്കിയുള്ളതും ചൂണ്ടിക്കാട്ടി കേരളം ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മുഖ്യ ഓഫീസറുടെയും നിലപാട് തള്ളിയാണ് ഇന്നു ചേർന്ന സമ്പൂർണ്ണ കമ്മീഷൻ യോഗം തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

64 നിയമസഭാ മണ്ഡലങ്ങളിലും നാഗർകോവിൽ പാർലമെൻറ് മണ്ഡലത്തിലുമായിരുക്കും ഉപതെരഞ്ഞെടുപ്പ്. മഴയും മഹാമാരിയും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ പലതും എതിർത്തു എന്ന് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബീഹാറിനൊപ്പം ഇതു നടത്താവുന്നതാണെന്ന് കമ്മീഷൻ വിലയിരുത്തി.