വേതനവർദ്ധനവിനായി സമരം ചെയ്ത ആശാ വർക്കർമാരുടെ ദിവസവേതനം 700 രൂപയാക്കി ഉയർത്തുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. അംഗനവാടി, സ്കൂൾ പാചക തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള സ്കീം തൊഴിലാളികളുടെ വേതനം പരിഷ്കരിക്കുമെന്നും പത്രികയിൽ പറയുന്നു. ഇന്ദിര കാന്റീനുകൾ പോലുള്ള മറ്റ് ക്ഷേമ പദ്ധതികളും യുഡിഎഫ് മുന്നോട്ട് വെക്കുന്നുണ്ട്.
തിരുവനന്തപുരം: വേതനവര്‍ദ്ധനവിന് വേണ്ടി രാപ്പകല്‍ സമരത്തിനിറങ്ങിയ ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്നാണ് യുഡിഎഫ് പ്രകടനപത്രിക. അംഗനവാടി തൊഴിലാളികള്‍, ആശ വര്‍ക്കാര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ അടക്കമുള്ള സ്‌കീം തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തെയാകെ പിടിച്ചുലച്ച ആശമാരുടെ സമരത്തിന് ഐകദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. നിലവില്‍ കുറഞ്ഞ പ്രതിഫലത്തിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ആശ പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, അവരുടെ സാമൂഹിക സുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു.
പ്രതിമാസ ഓണറേറിയം 21,000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ വീതം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തില്‍ ആശാ വര്‍ക്കര്‍മാര്‍ 266 ദിവസം നീണ്ട സമരം നടത്തിയത്. 2025 ഫെബ്രുവരി 10-നാണ് സമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തെ ആദ്യം തള്ളിപ്പറഞ്ഞത് സിഐടിയു ആയിരുന്നു. പിന്നീട് സിപിഎം നേതാക്കളും സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്ത് എത്തി. പ്രതിപക്ഷം സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയതോടെ സമരത്തിന്റെ ശക്തി വര്‍ധിച്ചു. ആശമാരെ നിയോഗിക്കാന്‍ തീരുമാനിച്ചത് കേന്ദ്രം ആയതിനാല്‍ ദില്ലിയില്‍ സമരം ചെയ്യണമെന്നായിരുന്നു സിപിഎം നേതാക്കള്‍ മറുപടി നല്‍കിയത്. ചെറിയ ഒരു പന്തലില്‍ നടന്ന സമരം പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയായിരുന്നു. തള്ളിപ്പറഞ്ഞ സര്‍ക്കാര്‍ തന്നെ, ഒടുവില്‍ അസോസിയേഷന്‍ ഭാരവാഹികളെ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയും പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത് സമരത്തിന്റെ വിജയമായിരുന്നു. ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച്, 8000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് നവംബര്‍ 1ന് ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചത്.
ക്ഷേമ പദ്ധതികളും രാഷ്ട്രീയ വിഷയങ്ങളും സമന്വയിപ്പിച്ച പ്രകടന പത്രികയാണ് യുഡിഎഫ് പുറത്തുവിട്ടത്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ യുഡിഎഫ് ഉറപ്പ് നല്‍കുന്നു. റബര്‍ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്നും കുറഞ്ഞ ചിലവില്‍ ഭക്ഷണം ലഭിക്കുന്ന ഇന്ദിര കാന്റീനുകള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും പ്രകടനപത്രിക പറയുന്നു. കര്‍ണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച് വിജയിച്ച ക്ഷേമ വാഗ്ദാനങ്ങളിലൂന്നിയുള്ള പ്രകടന പത്രികയാണ് യുഡിഎഫ് കേരളത്തിലും മുന്നോട്ട് വയ്ക്കുന്നത്. റബറിന്റെ താങ്ങുവില ഉയര്‍ത്തല്‍, കുറഞ്ഞ നിരക്കില്‍ ഭക്ഷണം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമാകുന്ന വിധത്തിലുള്ള പെന്‍ഷന്‍ പരിഷ്‌കരണം, വയോജനങ്ങള്‍ക്കായി അംഗന്‍വാടി മാതൃകയില്‍ സംരക്ഷണകേന്ദ്രങ്ങള്‍ പരീക്ഷ അമ്മ വീടുകള്‍, 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, അങ്ങനെ ക്ഷേമ പദ്ധതികളുടെ നീണ്ടനിരയുണ്ട് പ്രകടനപത്രികയില്‍. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയങ്ങളിലെ യുഡിഎഫ് ബദലും പ്രകടനപത്രികയില്‍ പരാമര്‍ശിക്കുന്നു.


