കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 77 മുതല്‍ 81 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലം. വടക്കന്‍, മധ്യ കേരളത്തിലെ മുന്നേറ്റവും മുസ്ലിം-ക്രൈസ്തവ വോട്ടുകളുടെ ഏകീകരണവും കര്‍ഷകരുടെ അതൃപ്തിയും യുഡിഎഫിന് അനുകൂലമാകുമെന്നും സര്‍വേ പറയുന്നു. എല്‍ഡിഎഫിന് 58-62 സീറ്റുകളാണ് പ്രവചിക്കുന്നത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലം. വടക്കന്‍ കേരളം യുഡിഎഫിന് ശക്തമായ ആധിപത്യമുണ്ടാകുമെന്നും സര്‍വേ ഫലം വ്യക്തമാക്കി. വടക്കന്‍ കേരളത്തില്‍ 28-32 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നാണ് ലോക്‌പോള്‍ സര്‍വേ വ്യക്തമാക്കുന്നത്. മുസ്ലിം വോട്ട് ഏകീകരണവും കാര്‍ഷിക മേഖലയുടെ സര്‍ക്കാരിനെതിരായ വികാരവും പ്രധാന ഘടകങ്ങളാകുമെന്നും സര്‍വേയില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

യുഡിഎഫ് 77 മുതല്‍ 81 വരെ സീറ്റുകളും 42-44% വോട്ട് വിഹിതവും നേടാനുള്ള സാധ്യതയാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്. എല്‍ഡിഎഫ് 58 മുതല്‍ 62 സീറ്റുകളും 39-41% വോട്ട് വിഹിതവും നേടുമെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎയ്ക്ക് 1 മുതല്‍ 2 സീറ്റുകള്‍ വരെ ലഭിക്കാമെന്ന സൂചനയും സര്‍വേ നല്‍കുന്നു. മാര്‍ച്ച് 14 മുതല്‍ 31 വരെ 36,400 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് യുഡിഎഫിന് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്.

അതേ സമയം, മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ട് ഏകീകരണവും കര്‍ഷക പ്രശ്‌നങ്ങളും യുഡിഎഫിന് അനുകൂലമായി മാറുമെന്നും 29-33 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് സര്‍വ്വേ ഫലം. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുക. യുഡിഎഫ് 16-20, എല്‍ഡിഎഫ് 16-19 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം വോട്ടു ചോര്‍ച്ച കുറയ്ക്കുന്നതില്‍ സഹായകമാകും. എന്‍ഡിഎ വോട്ടുവിഹിതം ഉയര്‍ത്തുമെങ്കിലും, കൂടുതല്‍ സീറ്റു നേടാന്‍ സാധ്യത കുറവെന്നും പ്രധാന കണ്ടെത്തലായി ലോക്‌പോളില്‍ പറയുന്നു. മുസ്ലിം, ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് നിര്‍ണായക നേട്ടമായി മാറുമെന്നും കര്‍ഷകരുടെയും മത്സ്യ തൊഴിലാളികളുടെയും അതൃപ്തി ഭരണവിരുദ്ധ മനോഭാവം ശക്തമാക്കുന്നുവെന്നും പോള്‍ ഫലം പറയുന്നു.