കര്‍ഷക ക്ഷേമത്തിന് കൂടി ഊന്നല്‍ നല്‍കുന്നതാണ് ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക. റബ്ബറിന്റെ താങ്ങുവില 300 രൂപയായും നെല്ലിന്റെ സംഭരണ വില 35 രൂപയായും ഉയര്‍ത്തുമെന്നും പ്രത്യേക കാര്‍ഷിക ബജറ്റ് നടപ്പിലാക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. കുടിയേറ്റ കര്‍ഷകരുടെ പ്രശ്നപരിഹാരം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ മറ്റ് ക്ഷേമ പദ്ധതികളും പത്രികയിലുണ്ട്.
തിരുവനന്തപുരം: കര്‍ഷക ക്ഷേമത്തിനും പ്രധാന്യം നല്‍കി ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കുന്നതുകള്‍പ്പടെ കര്‍ഷക ക്ഷേമത്തിന് വിവിധ വാഗ്ദാനങ്ങളാണ് യു ഡി എഫ് മുന്നോട്ടുവെക്കുന്നത്.
റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണ്. സിയാല്‍ മോഡല്‍ റബ്ബര്‍ കമ്പനി ആരംഭിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കാര്‍ഷിക വിളകളുടെ താങ്ങുവില നിശ്ചയിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും യുഡിഎഫ് വാഗ്ദാനം നല്‍കുന്നു.
നെല്ലിന്റെ സംഭരണ വില 35 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നും പണം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടുകളിലെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്നമാണ് യുഡിഎഫിന്റെ വാഗ്ദാനം. നാളികേരത്തിന്റെ താങ്ങുവില ഉയര്‍ത്തും. കൂടുതല്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. കുടിയേറ്റ കര്‍ഷകര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും സമയബന്ധിതമായി പരിഹരിക്കും. ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ കര്‍ഷക താത്പര്യം സംരക്ഷിച്ച് സമയബന്ധിതമായി തീര്‍ക്കാന്‍ നടപടിയെടുക്കുമെന്നും യുഡിഎഫ് ഉറപ്പു നല്‍കുന്നു.
കുറഞ്ഞ നിരക്കില്‍ ഭക്ഷണം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമാകുന്ന വിധത്തിലുള്ള പെന്‍ഷന്‍ പരിഷ്‌കരണം, വയോജനങ്ങള്‍ക്കായി അംഗന്‍വാടി മാതൃകയില്‍ സംരക്ഷണകേന്ദ്രങ്ങള്‍, 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, അങ്ങനെ ക്ഷേമ പദ്ധതികളുടെ നീണ്ടനിരയുണ്ട് പ്രകടനപത്രികയില്‍. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയങ്ങളിലെ യുഡിഎഫ് ബദലും പ്രകടനപത്രികയില്‍ പരാമര്‍ശിക്കുന്നു.


