അടുത്ത മാസം 22 നാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടക്കുക.13 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്.
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപമനമായി. അടുത്തമാസം 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. കരുവന്നൂർ കൊള്ള കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടവകാശം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പതിറ്റാണ്ടുകളായി സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തത്.
തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മൂന്ന് ഭരണ സമിതി അംഗങ്ങളെ പ്രതി ചേര്‍ത്തുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനിടെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്. 325 കോടിയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഇഡി കണ്ടെത്തല്‍. 128 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി നീക്കം നടത്തിയെങ്കിലും ബാങ്ക് തുടര്‍ നടപടിയെടുത്തില്ല.

