തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നൽകി കെപിസിസി പ്രസിഡന്‍റ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നൽകി കെപിസിസി പ്രസിഡന്‍റ്. മൂന്ന് മേഖലകള്‍ തിരിച്ചാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ക്ക് ചുമതല നൽകിയത്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന തെക്കൻ മേഖലയുടെ ചുമതല പിസി വിഷ്ണുനാഥിനാണ്. എപി അനിൽകുമാറിനെ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകള്ളുള്ള മധ്യമേഖലയുടെ ചുമതല നൽകി. കോഴിക്കോട് മുതൽ കാസര്‍കോട് വരെയുള്ള വടക്കൻ മേഖലയുടെ ചുമതലയാണ് ഷാഫി പറമ്പിലിന്.
കെസി പക്ഷക്കാര്‍ക്കാണ് സംഘടനാ ചുമതലയും കെപിസിസി ഓഫീസ് ചുമതലയും. സംഘടനാ ചുമതല നെയ്യാറ്റിന്‍കര സനലിനും ഓഫീസ് ചുമതല മുന്‍ എംഎൽഎ എം എ വാഹിദിനുമാണ് നൽകിയത്. ജില്ലകളുടെ ചുമതല ജനറൽ സെക്രട്ടറിമാര്‍ക്ക് പകരം വൈസ് പ്രസിഡന്‍റുമാര്‍ക്കും ട്രഷറര്‍ക്കുമാണ്. ജനറൽ സെക്രട്ടറിമാര്‍ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് കെപിസിസി പ്രസിഡന്‍റ് നൽകിയിരിക്കുന്നത്. സംഘടനാ ചുമതലയിലേയ്ക്ക് പഴം കുളം മധുവിന്‍റെ പേര് ഉയര്‍ന്നെങ്കിലും വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ എതിര്‍ത്തതിനാലും നിയമസഭയിൽ മത്സരിക്കാൻ സാധ്യതയുള്ളതിനാലും പരിഗണിച്ചില്ല.



