'വിഡി സതീശന്‍ പെരുംനുണയന്‍'; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി
സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങി എന്ന് പറഞ്ഞ വി ഡി സതീശനെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
'സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇത് തെളിയിക്കാമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു. ആര്‍ജ്ജവമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കില്‍ ഇക്കാര്യം തെളിയിക്കാന്‍ സതീശന്‍ തയ്യാറാകണം. ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.' ആ കോണ്‍ഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയില്‍ ഇലക്ടറല്‍ ബോണ്ടിനെതിരായ നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന് നുണ പറയുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. എല്ലാ കാര്യത്തിലും ഇത്തരം സത്യവിരുദ്ധ നിലപാട് ആണ് വി ഡി സതീശന്‍ സ്വീകരിക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.