Asianet News MalayalamAsianet News Malayalam

ശാന്തിവനം: വൈദ്യുതി ലൈൻ പദ്ധതിയുമായി കളക്ടര്‍, പ്രതിഷേധവുമായി സ്ഥലം ഉടമ

20 വർഷമായി കാത്തിരിക്കുന്ന പദ്ധതി, പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് എറണാകുളം ജില്ലാ കളക്ടർ 

electric line project through shanthi vanam will continue says dist collector
Author
Kochi, First Published May 7, 2019, 9:07 AM IST

കൊച്ചി: എറണാകുളം ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫിറുള്ള. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചുകൊണ്ടായിരിക്കും ടവർ നിർമ്മാണം എന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അലൈൻമെന്‍റ് മാറ്റാത്തതിനാൽ സമര പരിപാടികൾ ശക്തമാക്കുമെന്ന നിലപാടിലാണ് ശാന്തിവനം സംരക്ഷണസമിതി.

കെഎസ്ഇബി പണി തുടങ്ങിയ സ്ഥിതിക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. കെ എസ് ഇ ബി ടവറിന്റെ നിർമാണം പുനരാംഭിക്കുന്നതിൽ പ്രതിഷേധിച്ചു സ്ഥലം ഉടമ മീന മേനോനും മകൾ ഉത്തരയും സത്യാഗ്രഹ സമരം നടത്തുമെന്നും അറിയിച്ചു. നിയമപരമായി മുന്നോട്ട് പോകുന്നതിനൊപ്പം പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മീന മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

മന്നം മുതൽ ചെറായി വരെയുള്ള നാൽപ്പതിനായിരത്തിൽ പരം കുടുംബങ്ങൾ നേരിടുന്ന വൈദ്യുതി പ്രശ്നം പരിഹരിക്കുകയാണ് മുഖ്യലക്ഷ്യം. 20 വർഷമായി കാത്തിരിക്കുന്ന പദ്ധതി, പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ച് മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് എറണാകുളം ജില്ലാ കളക്ടർ വ്യക്തമാക്കുന്നു. ഹൈക്കോടതി അംഗീകരിച്ച അലൈൻമെന്റ് പ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക. സോഷ്യൽ ഫോറസ്ട്രിയും കെഎസ്ഇബിയും നടത്തിയ സർവേ പ്രകാരം മൂന്ന് മരങ്ങൾ പൂർണമായും അഞ്ച് മരങ്ങൾ ഭാഗികമായും മുറിക്കേണ്ടി വരും. 19.4 മീറ്റർ നിലവിലുള്ള ടവർ 22.4 മീറ്ററായും 21.4 മീറ്റർ ഉള്ള ടവർ 24.6 മീറ്ററായും ഉയർത്തും.

ടവറകളുടെ ഉയരം കൂട്ടുന്നതിന് 20 ലക്ഷം രൂപ അധികമായി വേണ്ടിവരുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. ഹൈക്കോടതി വിധി കെഎസ്ഇബിക്ക് അനുകൂലമെന്ന് വരുത്തിത്തീർക്കാൻ ജില്ലാഭരണകൂടം ശ്രമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios