Asianet News MalayalamAsianet News Malayalam

വിപണിയിലെ സാഹചര്യമനുസരിച്ച് മാസം തോറും വൈദ്യുതി നിരക്ക് കൂട്ടാമെന്ന് കേന്ദ്രചട്ട ഭേദഗതി, എതിര്‍പ്പുമായി കേരളം

കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്‍റെ വിജ്ഞാപനം വിതരണക്കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ദുരിതമാകുമെന്നും കേരളം.ഭേദഗതി ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില  കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടും

Electricity rates can be increased every month depending on the market conditions, Kerala s oppose central rule amendment
Author
First Published Jan 5, 2023, 5:12 PM IST

തിരുവനന്തപുരം:റഗുലേറ്ററി കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ മാസം തോറും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിതരണകമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.വൈദ്യുതിച്ചട്ട ഭേദഗതി നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കേരളം മുമ്പേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് വിതരണക്കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ദുരിതമാകുമെന്നുമാണ് കേരളത്തിന്‍റെ  അഭിപ്രായം. കേരളത്തിന്‍റെ  എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ്, വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്‍റെ  വിലയിലുണ്ടാകുന്ന വർധന ഉള്‍പ്പടെ വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചെലവിന് ആനുപാതികമായി  ,സർച്ചാർജ് വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്ന് കേന്ദ്രം തീരുമാനമെടുത്തത്. 

ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ച് പലപ്പോഴും ഇത് ഈടാക്കുന്നത് നീട്ടിവെക്കുകയാണ് കമ്മിഷൻ ചെയ്യാറ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. ചട്ടം പുറപ്പെടുവിച്ച് 90 ദിവസത്തിനകം സര്‍ചാര്‍ജ് ഈടാക്കുന്നതിന് ഫോര്‍മുല റഗുലേറ്ററി കമ്മീഷനുകള്‍ നിശ്ചയിക്കണമെന്നും അതനുസരിച്ച് കമ്മിഷനുകളുടെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിബില്ലിൽ സര്‍ചാര്‍ജ് ചുമത്തി ഈടാക്കാമെന്നതാണ് ഭേദഗതി. പുതിയ ചട്ടപ്രകാരം ഇന്ധനവില വര്‍ധനവ് മാത്രമല്ല, വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികചെലവും കമ്മീഷനെ സമീപിക്കാതെ തന്നെ ഉപഭോക്താക്കളില്‍ നിന്ന് മാസംതോറും ഈടാക്കാവുന്നതാണ്.

ഭേദഗതി ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടും. താരിഫ് നിർണയത്തിൽ റെഗുലേറ്ററി കമ്മിഷനുകളുടെ കർശനപരിശോധന ആവശ്യമാണ്. എന്നാൽ, സർച്ചാർജിന്‍റെ  കാര്യത്തിൽ വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം കമ്മിഷനുകളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണെന്നും കേരളം കേന്ദ്ര ഊർജമന്ത്രാലയത്തെ അറിയിച്ചിരുന്നു. ചട്ട ഭേദഗതി സംബന്ധിച്ച് ഔദ്യോഗിക തല ചര്‍ച്ചകള്‍ അടുത്തയാഴ്ച നടത്തും.അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചു
 

Follow Us:
Download App:
  • android
  • ios