Asianet News MalayalamAsianet News Malayalam

ആറളത്തെ കാട്ടാന ആക്രമണം: വനം വകുപ്പിനെതിരെ സിപിഎം, കണ്ണൂരിൽ 30ന് ഫോറസ്റ്റ് ഓഫീസ് മാർച്ച്

'ആദിവാസികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. വീഴ്ചയുണ്ടായത് എവിടെയെന്ന് കണ്ടെത്തണം. വാസുവിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം'

Elephant attack in Aralam, CPM against forest department, forest office march on 30th
Author
First Published Sep 28, 2022, 5:22 PM IST

കണ്ണൂർ: കണ്ണൂർ ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസു എന്ന യുവാവ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് സിപിഎം രംഗത്തെത്തിയത്. രാത്രി ഒൻപതരയോടെ കോളനിയിലിറങ്ങിയ ആനയുടെ മുന്നിൽ വാസു പെടുകയായിരുന്നു. ഉടൻ തന്നെ വാസുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനമതിൽ ഇല്ലാത്തതിനാൽ ആറളത്ത് ഇക്കൊല്ലം മാത്രം മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപ്പെട്ടത്. 

ആറളത്തെ കാട്ടാന ആക്രമണം തടയാനായി, ആന മതിൽ വേണമെന്ന ആവശ്യം നേരത്തെ തന്നെ സിപിഎം മുന്നോട്ടു വച്ചിരുന്നു. വാസുവിന്റെ മരണത്തോടെ ഈ ആവശ്യം വീണ്ടും സജീവമാക്കുകയാണ് കണ്ണൂരിലെ പാർട്ടി ഘ‍ടകം. താൽക്കാലിക സംവിധാനമല്ല, ആന മതിൽ തന്നെ വേണമെന്നാണ് എം.വി.ജയരാജൻ ആവശ്യപ്പെട്ടത്. ആദിവാസികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. വീഴ്ചയുണ്ടായത് എവിടെയെന്ന് കണ്ടെത്തണം. വാസുവിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും കുടുംബത്തിൽ ഒരാൾക്ക് വനം വകുപ്പിൽ ജോലി നൽകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഎം മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; 4 പേർക്ക് പരിക്ക്, സ്കൂട്ടർ ചുഴറ്റിയെറിഞ്ഞു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. പുതൂർ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിൽ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ദൊഡ്ഡുഗട്ടി സ്വദേശികളായ  മുരുകേശൻ, സെൽവൻ, പഴനിസ്വാമി, പണലി എന്നിവർക്കാണ് പരിക്കേറ്റത്.  രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവർ സഞ്ചരിച്ച സ്കൂട്ടർ ആന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞു.  

Follow Us:
Download App:
  • android
  • ios