Asianet News MalayalamAsianet News Malayalam

യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; വയനാട്ടിലെ അനധികൃത റിസോര്‍ട്ട് പൂട്ടി

റിസോര്‍ട്ടിനും ഹോം സ്റ്റേക്കും ലൈസൻസ് ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു. കളക്ടര്‍ അദീല അബ്ദുള്ള സംഭവ സ്ഥലം സന്ദര്‍ശിച്ചു. 

elephant attack woman killed Illegal resort in Wayanad closed
Author
Wayanad, First Published Jan 24, 2021, 10:51 AM IST

വയനാട്: മേപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോര്‍ട്ടിനെതിരെ നടപടി. ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് കണ്ടെത്തിയ റിസോര്‍ട്ടും ഹോം സ്റ്റേയും പൂട്ടാൻ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നൽകി. 

ഹോം സ്റ്റേയുടെ അടുത്ത് വനത്തോട് ചേർന്ന ഭാഗത്ത് ടെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള റിസോർട്ടിലെത്തി. വയനാട് ഡി എഫ് ഒ, വൈത്തിരി തഹസിൽദാർ എന്നിവർക്കൊപ്പമാണ് കളക്ടര്‍ എത്തിയത്. പരിശോധനയിൽ സുരക്ഷ ഇല്ല എന്ന് വ്യക്തമായി. മാത്രമല്ല ഉരുൾപ്പൊട്ടൽ സാധ്യതാ മേഖലയിലാണ് ഹോംസ്റ്റേ പ്രവര്‍ത്തിച്ചരുന്നത്. അപകട സാധ്യത മുൻനിര്‍ത്തിയാണ് അടിയന്തരമായി പൂട്ടിയിടാൻ നിര്‍ദ്ദേശം നൽകിയത്. 

അപകടം ഉണ്ടായ മേപ്പാടിയിലെ റിസോര്‍ട്ടിൽ മാത്രമല്ല സമീപത്തെ റിസോര്‍ട്ടുകളിലെല്ലാം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നുണ്ട്. അനധികൃതമായ പ്രവർത്തിക്കുന്ന മുഴുവൻ റിസോർട്ടുകളും പൂട്ടുമെന്ന് കളക്ടർ അറിയിച്ചു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഹോം സ്റ്റേയുടെ അടുത്ത് വനത്തോട് ചേർന്ന ഭാഗത്ത് ടെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്.

ഹോം സ്റ്റേക്ക് മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നതെന്നും ടെന്റുകൾക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും പിന്നീട് ഇക്കാര്യത്തിൽ പഞ്ചായത്ത് തന്നെ വ്യക്തത വരുത്തുകയായിരുന്നു. ഹോം സ്റ്റേ ലൈസൻസ് ഉണ്ടെന്നും ടെന്റുകൾക്ക് സർക്കാർ ലൈസൻസ് അനുവദിക്കാറില്ലെന്നുമാണ് ഇതിന് ഹോം സ്റ്റേ ഉടമ നൽകിയ മറുപടി.

അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ല. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ തയ്യാറാക്കിയ ടെന്റിന് സമീപത്തെ കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല. യുവതി ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറഞ്ഞു. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി.

യുവതി മരിച്ചത് ഹോം സ്റ്റേ ഉടമ പറയുന്ന സ്ഥലത്താണോയെന്ന് സംശയമുണ്ടെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. സ്ഥാപനത്തിന്റെ പ്രവർത്താനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. വന്യമൃഗശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വനത്തിന്റെ അതിർത്തിയോട് വളരെ അടുത്ത് കിടക്കുന്നതാണ് ഈ ഹോം സ്റ്റേ. ഏതാണ്ട് പത്ത് മീറ്റർ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. ഇന്നലെ ഇവിടെ 30 പേരുണ്ടായിരുന്നു. മേപ്പാടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഹോം സ്റ്റേ. വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. എന്നാൽ പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പും ഈ വാദം നിഷേധിക്കുന്നു.

Follow Us:
Download App:
  • android
  • ios