വലിയ ശബ്ദം കേട്ടാണ് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയത്. നോക്കുമ്പോൾ പൊട്ടക്കിണറ്റിൽ കിടന്ന് വട്ടം കറങ്ങുന്ന ആനക്കുട്ടി

കൊച്ചി: കാട്ടിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കോതമംഗലം പൂയംകുട്ടിയിലാണ് കുട്ടിയാന പൊട്ടക്കിണറ്റിൽ വീണത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിക്കൂടി. നോക്കുമ്പോൾ കിണറ്റിനകത്ത് കിടന്ന് വട്ടം കറങ്ങുകയാണ് ആനക്കുട്ടി. എങ്ങനെ എങ്കിലും പുറത്ത് കടക്കാനുള്ള പരിശ്രമത്തിനിടെ മണ്ണ് കുത്തിയെടുത്ത് കിണറാകെ ചെളിക്കുളമാക്കി.

ആനക്കുട്ടിയെ കണ്ടതോടെ വനപാലകരെ വിവരമറിയിച്ചു. അവരെത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. കിണറിന് സമീപത്ത് ജെസിബി ഉപയോഗിച്ച് വഴിവെട്ടി ആനക്കുട്ടിയെ പുറത്തെത്തിക്കാനായി പരിശ്രമം.

ഒടുവിൽ മണ്ണ് വിരിച്ച് വഴിയായൊരുക്കി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയാന കരയ്ക്ക് കയറി. 

കരകയറിയതോടെ കുട്ടിയാനയുടെ മട്ടുമാറി. കണ്ടു നിന്നവരെയെല്ലാം കുറുമ്പു കാട്ടി ഒന്നുരണ്ട് റൗണ്ട് വിരട്ടിയോടിച്ചു. 

അൽപ്പമൊന്ന് പേടിച്ചെങ്കിലും ആനക്കുട്ടൻ രക്ഷപ്പെട്ടല്ലോ എന്ന് ഓർത്ത് നാട്ടുകാർ ഹാപ്പി. പൊട്ടക്കിണറ്റിൽ നിന്ന് കയറിയ കുറുമ്പനും സന്തോഷത്തോടെ തന്നെ കാട്ടിലേക്ക്