മലപ്പുറം താള്‍ക്കൊല്ലി ഉള്‍വനത്തില്‍ 15 വയസ്സുള്ള പിടിയാനയുടെ ജഡം കണ്ടെത്തി, മരണകാരണം വ്യക്തമല്ല. അതേസമയം, ആനമറിയില്‍ കാട്ടാനയിറങ്ങി കൃഷികളും സോളാര്‍ പാനലും നശിപ്പിച്ചു. പ്രദേശത്ത് ഫെന്‍സിങ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

മലപ്പുറം: താള്‍ക്കൊല്ലി ഉള്‍വനത്തിനുള്ളില്‍ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താള്‍ക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീല്‍ഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ജി.ധനിക് ലാല്‍ ആനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാനായി സംഘത്തെ നിയോഗിച്ചിരുന്നു. വനം വകുപ്പ് അസിസ്റ്റൻ്റ് വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വൈല്‍ഡ് ലൈഫ് എക്സ്പേര്‍ട്ട് ഡോ. അനൂപ് ദാസ്, എന്‍.ജി.ഒ പ്രതിനിധി ഹമീദ് വാഴക്കാട് എന്നിവര്‍ ഉള്‍പെടുന്ന സംഘമാണ് ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. കൂടുതല്‍ പരിശോധനക്കായി ആനയുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചു. കരുളായി വനം റേഞ്ച് ഓഫീസര്‍ പി.കെ. മുജീബ് റഹ്‌മാന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ശിഹാബ്, ബി.എഫ്.ഒമാരായ അഷ്‌റഫലി, സുധാകരന്‍, ഷിജു ടി. കുറുപ്പ് എന്നിവര്‍ നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.

അതേ സമയം ആനമറിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. സോളാര്‍ പാനലും തകര്‍ത്തു. കൊള്ളവണ്ണ കൃഷ്ണന്‍, തെങ്ങാ പറമ്പില്‍ രാജി എന്നിവരുടെ തെങ്ങ്, കമുങ്ങ്, വാഴ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. നെല്ലിക്കുത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ പ്രദേശമാണിത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. നാട്ടിലിറങ്ങുന്ന ആനക്കൂട്ടം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഏറെ ഭീഷണിയാണ്. വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് വര്‍ഷങ്ങളായി വനം വകുപ്പ് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.