നിലമ്പൂർ: നിലമ്പൂർ കരുളായി വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മൈലപ്പാറ വനത്തോട്ട് ചേർന്നുള്ള കൃഷിയിടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്. കുഞ്ഞുമുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റത് മൂലമാണ് ആന ചെരിഞ്ഞത് എന്നാണ് സശംയിക്കുന്നത്. 

കോഴിക്കോട് കക്കടാംപൊയിൽ വനമേഖലയിലും ഒരു കാട്ടാന ഇന്ന് ചെരിഞ്ഞിരുന്നു. ആനക്കാംപൊയിലിലെ കിണറ്റിൽ  വീണ കാട്ടാനയാണ് ചെരിഞ്ഞത്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ ഗുരുതരപരിക്കാണ് ആനയുടെ ജീവഹാനിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ കിണറ്റിൽ നിന്നും രക്ഷിച്ചിട്ടും കൃഷി ഇടത്തു നിന്നും  ആനയ്ക്ക് കാട്ടിലേക്ക് തിരികെ പോകാനായിരുന്നില്ല. കിണറ്റിൽ നിന്നും പുറത്തെത്തിയപ്പോൾ തന്നെ ആനയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.