കൽപ്പറ്റ: പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വൈദ്യുതാഘാതമേറ്റ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് സംഭവം.

തോട്ടത്തിന് സമീപമുള്ള ‌വൈദ്യുതി ലൈനിൽ മരം മറിച്ചിട്ടാണ് അപകടം സംഭവിച്ചിരിക്കുന്നത്. വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുകയാണ്. ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം വനത്തിൽ സംസ്ക്കരിക്കും. കഴിഞ്ഞ വർഷവും സാമാനമായ രീതിയിൽ ഇവിടെ മറ്റൊരു കാട്ടാന ചരിഞ്ഞിരുന്നു.