സമീപത്തെ കൂപ്പിൽ തടി പണിക്ക് എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടു വന്നപ്പോൾ ആണ് നിയന്ത്രണം വിട്ട് ആറ്റിൻ്റെ നടുവിലേക്ക് പോയത്.
പത്തനംതിട്ട: പത്തനംതിട്ട അയിരൂരിൽ ഇടഞ്ഞ ആന ആറ്റിൽ ചാടി. അയിരൂരിലെ ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന പിടിയാനയാണ് ഇടഞ്ഞതിനെ പിന്നാലെ ആറ്റിൽ ചാടിയത്. ആറ്റിലൂടെ നീങ്ങുന്ന ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പാപ്പൻമാരും നാട്ടുകാരും ചേർന്ന ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആറ്റിന് ഇരുവശത്തുമായി ആളുകൾ കൂടിയത് കണ്ട് ആന തിരിച്ചു കേറാൻ കൂട്ടാക്കുന്നില്ല.
സമീപത്തെ കൂപ്പിൽ തടി പണിക്ക് എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടു വന്നപ്പോൾ ആണ് നിയന്ത്രണം വിട്ട് ആറ്റിൻ്റെ നടുവിലേക്ക് പോയത്. ഏതാണ്ട് രണ്ട് മണിക്കൂറിലേറെയായി ആന പുഴയിൽ തുടരുകയാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എലിഫൻ്റ് സ്ക്വാഡ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാൽ അതിനു മുൻപായി ആനയെ കരയ്ക്ക് കേറ്റാനുള്ള കഠിന പരിശ്രമത്തിലാണ് പാപ്പാൻമാർ. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയാണ് ആന ആറ്റിലേക്ക് ഇറങ്ങിയതെന്നാണ് പാപ്പാൻമാർ പറയുന്നത്. പാപ്പാൻമാരുടെ ശ്രമത്തെ തുടർന്ന് ഇടയ്ക്ക് ഒരു തവണ ആന കരയ്ക്ക് കേറിയെങ്കിലും വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി.

