Asianet News MalayalamAsianet News Malayalam

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: 7 വർഷമായിട്ടും തീർപ്പാക്കാത്തതെന്ത്? ഹൈക്കോടതി

2012-ൽ വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസ് ഇതുവരെയും തീർപ്പാക്കാത്തത് എന്തെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഹൈക്കോടതി കേസിന്‍റെ ഫയൽ വിളിപ്പിച്ചു. 

elephant tusk case against mohanlal why the lag asks high court
Author
Kochi, First Published Jul 29, 2019, 3:10 PM IST

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ ചോദ്യം. 2012-ൽ വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ പുതുതായി ആരെയും കക്ഷി ചേരാൻ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി കേസിന്‍റെ റിപ്പോർട്ട് വിളിപ്പിച്ചു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്‍റെ തുടക്കം. മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്‍ഡ് നടത്തിയത്. 

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്‍റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നല്‍കി. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നിർദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

ഇതിനിടയില്‍ താരത്തിന്‍റെ കൈയ്യിലുള്ളത് യഥാർത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തേ ആനക്കൊമ്പുകേസിൽ ചലച്ചിത്രതാരം മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനിൽക്കുന്നതല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹൻലാലിനെതിരെ തുടർ നടപടി വേണ്ടെന്നും സ്വകാര്യ ഹർജി തള്ളണമെന്നും വനംവകുപ്പ് നൽകിയ സത്യവാങ്മൂലത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios