കേരള വാട്ടർ അതോറിറ്റി വർഷത്തിൽ ഒരുതവണ സൗജന്യമായി സ്‌കൂളുകളിൽ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കും. പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കേരള വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരമായി കുടിവെള്ള പരിശോധന നടത്താൻ തീരുമാനം. കേരള വാട്ടർ അതോറിറ്റി വർഷത്തിൽ ഒരുതവണ സൗജന്യമായി സ്‌കൂളുകളിൽ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കും. പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പരിശോധനയ്ക്കായി വാട്ടർ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സാമ്പിളുകളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ പരിശോധനകൾ നടത്തുന്നതാണ്. സ്കൂളുകൾ ഇപ്പോൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ, കുഴൽക്കിണർ, പൈപ്പ് ലൈൻ സംവിധാനങ്ങളെ തരം തിരിച്ച് മുൻഗണന കണ്ടെത്തി പരിശോധന ഉടൻ ആരംഭിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, ജലവിഭവവകുപ്പ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
Also Read:ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താനെത്തി; മന്ത്രിക്ക് വിളമ്പിയ ഭക്ഷണത്തിൽ തലമുടി
മൂന്ന് സ്കൂളികളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ചികിത്സ തേടിയതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മന്ത്രിമാർ നേരിട്ടെത്തി സ്കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തിയത്. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ യു പി സ്കൂളിലെത്തിയ ഭക്ഷ്യമന്ത്രി, പാചകപ്പുരയിലെ ശുചിത്വം പരിശോധിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും പരിശോധിച്ച മന്ത്രി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് പാചകത്തൊഴിലാളികൾക്ക് നിർദ്ദേശവും നൽകി.
പഴകിയ ധാന്യങ്ങളെന്ന ആരോപണമുയർന്നതിനാൽ കാലപ്പഴക്കമുൾപ്പെടെ പരിശോധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് പുറത്തുവിടുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചത്. ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ രക്ഷിതാക്കളുടെതുൾപ്പെടെയുളള ജനകീയ ഇടപെടലും വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തലസ്ഥാനത്തെ സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരിശോധന.
