പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു.

തിരുവനന്തപുരം : കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. 

വിമാനത്തിന് ഹൈഡ്രോളിംഗ് തകരാർ മാത്രമാണ് ഉള്ളത്. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളമുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. 

അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ട്. ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം. മാത്രമല്ല, അടുത്തുള്ള ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അടിയന്തിര സന്ദേശം നൽകണം. ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കിയ ശേഷമാണ് ലാന്റ് ചെയ്തത്. യാത്രക്കാർ സുരക്ഷിതരാണ്. ആരെയും ആശുപത്രിയിലക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി. 

Read More : കൊച്ചി - ഷാർജ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ, സർവ്വീസ് റദ്ദാക്കി, യാത്രക്കാർ പ്രതിഷേധത്തിൽ

തിരുവനന്തപുരത്ത് എയർഇന്ത്യ വിമാനത്തിന് സുരക്ഷിത ലാൻഡിങ്