ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ നടപടി, ദുരിതാശ്വാസ തുകയിൽ നിന്നും പിടിച്ച പണം ബാങ്ക് മിനിമോൾക്ക് തിരിച്ചു നൽകി
വായ്പയുടെ ഇഎംഐ ആയി പിടിച്ച 3000 രൂപ പുഞ്ചിരി മട്ടത്തെ മിനിമോൾക്ക് ബാങ്ക് തിരിച്ചുനൽകി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ ബാങ്കിന്റെ തിരുത്തൽ.
കൽപ്പറ്റ : വയനാട് ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെ വായ്പാ ഇഎംഐ പിടിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ നടപടി തിരുത്തി ചൂരൽമലയിലെ ഗ്രാമീണ ബാങ്ക്. 50,000 രൂപ വായ്പയുടെ ഇഎംഐ ആയി പിടിച്ച 3000 രൂപ പുഞ്ചിരി മട്ടത്തെ മിനിമോൾക്ക് ബാങ്ക് തിരിച്ചുനൽകി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ ബാങ്കിന്റെ തിരുത്തൽ.
വീടുപണിക്ക് വേണ്ടിയാണ് ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്നും മിനിമോൾ 50,000 രൂപ വായ്പ എടുത്തത്. ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായി ദുരിതത്തിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സർക്കാരിൽ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നത്.
ഗതികെട്ട് നിൽക്കുമ്പോൾ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരും പോലെ അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് ബാങ്ക് ഇഎംആ ഇനത്തിൽ പിടിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ടിരുന്നു.എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് പണം അക്കൌണ്ടിലേക്ക് വന്നത്.