പിഎസ്സിയെ തകര്‍ക്കാന്‍ നിഗൂഢ നീക്കങ്ങള്‍ നടക്കുന്നെന്ന് പിഎസ്സി എംപ്ലോയീസ് യൂണിയന്‍. 

തിരുവനന്തപുരം: പിഎസ്സിയെ തകര്‍ക്കാന്‍ നിഗൂഢ നീക്കങ്ങള്‍ നടക്കുന്നെന്ന് പിഎസ്സി എംപ്ലോയീസ് യൂണിയന്‍. കമ്മിഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. രാഷ്ട്രീയ താല്‍പര്യങ്ങളോടെയുളള ദുഷ് പ്രചാരണം അവസാനിപ്പിക്കണമെന്നും എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഉദ്യോഗാർത്ഥികൾ പിഎസ്സിക്കെതിരെ രംഗത്തുവന്നിരുന്നു. യമനങ്ങളുമായി ബന്ധപ്പെട്ട കാലതാമസവും ലിസ്റ്റുകൾ കാലാവധി കഴിയുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗാർത്ഥികൾ രംഗത്തുവന്നത്. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിക്കൊരുങ്ങിയ പിഎസ്സി മാധ്യമവാർത്തകൾക്ക് പിന്നാലെ പിന്നോട്ടു പോവുകയും ചെയ്തു.

അതേസമയം തന്നെ നിയമനങ്ങളുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായിരുന്നു. പിഎസ്സി റാങ്ക് ലിസ്റ്റ് പരാതികൾ ചെറുക്കാൻ എംവി ജയരാജൻ ആഹ്വാനം ചെയ്യുകയും പിന്നീട് വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. പിഎസ്സി നിയമനങ്ങളിലെ കാലതാമസത്തെ കുറിച്ചും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും ഉളള തുടര്‍ച്ചയായ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സിപിഎം അനുകൂല എംപ്ലോയീസ് യൂണിയന്‍ പിഎസ്സിയെ പിന്തുണച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.