നേതൃമാറ്റത്തിലൂടെ കോൺഗ്രസ് നേതൃശേഷി വീണ്ടെടുക്കണം. എത്ര ഉന്നതശീർഷൻ ആയാലും ബിജെപി യുമായി സന്ധി ചെയ്താൽ സംപൂജ്യൻ ആകും എന്നതിന് തെളിവാണ് ഇ ശ്രീധരന്റെ തോൽവിയെന്നും സത്യദീപം പറയുന്നു.

കൊച്ചി: നേതൃശൂന്യതയാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ബാധ്യതയായത് എന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. നേതൃമാറ്റത്തിലൂടെ കോൺഗ്രസ് നേതൃശേഷി വീണ്ടെടുക്കണം. എത്ര ഉന്നതശീർഷൻ ആയാലും ബിജെപി യുമായി സന്ധി ചെയ്താൽ സംപൂജ്യൻ ആകും എന്നതിന് തെളിവാണ് ഇ ശ്രീധരന്റെ തോൽവിയെന്നും സത്യദീപം പറയുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ഉയർത്തിയ പല വിഷയങ്ങൾക്കും കോൺ​ഗ്രസ് പാർട്ടി പിന്തുണ നൽകിയില്ല. മികച്ച സ്ഥാനാർഥികൾ ഉണ്ടായെങ്കിലും നേതാക്കൾക്കിടയിലെ ആസ്വാരസ്യം തോൽവിക്ക് കാരണം ആയി. ദേശീയ നേതൃത്വമെന്നാല്‍ രാഹുലും പ്രിയങ്കയുമായി ചുരുങ്ങുന്നതും, കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഉയിര്‍പ്പിന് അവര്‍ക്കു മാത്രമായി സഹായിക്കാനാകില്ലെന്നതും പാര്‍ട്ടി ഗൗരവമായിട്ടെടുക്കണം. ബൂത്തു തലം മുതല്‍ സുസംഘടിതമായ രാഷ്ട്രീയ ശരീര നിര്‍മ്മിതി അടുത്ത തെരഞ്ഞെടുപ്പിനൊരുക്കമായി കോണ്‍ഗ്രസ് ഇപ്പോഴേ തീരുമാനിക്കണം. സര്‍വ്വാധിപത്യപ്രവണതകള്‍ക്കെതിരെ ജനാധിപത്യ സന്ദേശമായി കോണ്‍ഗ്രസ് കേരളത്തില്‍ എന്നുമുണ്ടാകണം.

എൽഡിഎഫിനെ തുടർഭരണത്തിലേക്ക് നയിച്ചത് നേതൃമികവാണ്. ഇനിയും അവസാനിച്ചിട്ടില്ലാത്ത കൊവിഡ് പോലുള്ള ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥയെ കേരളത്തിനു മറികടക്കണമെങ്കില്‍ പിണറായി വിജയന്റേതുപോലുള്ള ഉറച്ച നേതൃത്വം ആവശ്യമാണെന്ന തിരിച്ചറിവില്‍ കേരളം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് ചിന്തിച്ചത് സ്വാഭാവികം മാത്രം. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായിട്ട് നാളേറെയായെന്ന് അറിയാത്തതല്ല. പക്ഷേ, ഭൂരിപക്ഷ/ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വെളിയില്‍ നിര്‍ത്താന്‍ ഇപ്പോഴും, സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിയോളം കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന വലതു മുന്നണി ശക്തമല്ലെന്ന തോന്നലാണ് പൊതുവില്‍ കേരളത്തിന്റേത്.

ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പരിപാടികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ലെന്ന് തെളിയിച്ച തെരെഞ്ഞടുപ്പ്, പ്രബുദ്ധ കേരളത്തിന്റെ മികച്ച രാഷ്ട്രീയ നേട്ടമായി. നേരിന്റെ രാഷ്ട്രീയം നേരിട്ട് നടത്താന്‍ ബിജെപി ഇനിയും പഠിക്കേണ്ടതുണ്ട്. വടകരയിലെ കെ.കെ. രമയുടെ വിജയം വിയോജിപ്പിനെ ആയുധമണിയിക്കുന്നവര്‍ക്കുള്ള ശക്തമായ രാഷ്ട്രീയ സന്ദേശമായി എന്നും സത്യദീപം പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona