സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഎം ആദ്യം ഇതിനു മറുപടി പറയണമെന്നും  പ്രതിപക്ഷ നേതാവ്

കോഴിക്കോട്: ഏക സിവില്‍ കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിനോടും എം വി ഗോവിന്ദനോടും ചോദ്യമുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു .ഇഎംഎസിന്‍റെ അഭിപ്രായം നിങ്ങൾ മാറ്റിയോ?സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഎം ആദ്യം ഇതിനു മറുപടി പറയണം. നിങ്ങൾക്ക് രാഷ്ട്രീയ മുതലെടുപ്പ് അല്ലാതെ ഇതിൽ മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ലന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. ഏകപക്ഷീയമായി നടപ്പാക്കേണ്ടുന്ന ഒരു നിയമമായിട്ടല്ല യൂണിഫോം സിവിൽ കോഡിനെ കണ്ടത്. മറിച്ച് പട്ടികവർഗ്ഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യപരിഷ്കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടു കഴിയുമ്പോൾ മാത്രം നടപ്പാക്കേണ്ടുന്ന ഒരു കാര്യമായിട്ടാണ് ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാടെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു.

ഏക സിവില്‍ കോഡിനെ ഇഎംഎസ് അംഗീകരിച്ചിരുന്നുവെന്ന് വീഡിയോ സഹിതം , ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു,